തൊടുപുഴ ചീനിക്കുഴിയിൽ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും വയോധികൻ വീടിന് തീയിട്ട് കൊലപ്പെടുത്തി. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ(45), ഭാര്യ ഷീബ 45), മക്കളായ മെഹർ(16), ഹസ്‌ന(13) എന്നിവരാണ് മരിച്ചത്. മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീട് പുറത്തുനിന്നും പൂട്ടിയ ശേഷം ജനലിലൂടെ ബെഡ്ഡിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. വീട്ടിലേക്കുള്ള കറൻ്റും വെള്ളവും വിഛേദിച്ചിരുന്നു. സ്വത്തുമായി ബന്ധപ്പെട്ടുള്ള കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
തീ പടരുന്നതു മനസിലാക്കിയ കുടുംബം രക്ഷക്കായി അയൽക്കാരൻ രാഹുലിനെ ഫോൺ വിളിച്ചറിയിച്ചതിനേത്തുടർന്ന് അയൽക്കാരൻ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഹമീദ് വീട് പുറത്തു നിന്നും പൂട്ടിയിരുന്നു. രാഹുൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നെങ്കിലും രക്ഷപെടുത്താനായില്ല കുളിമുറിയിൽ കയറിയിരിക്കുകയായിരുന്ന കുടുംബത്തിന് പുറത്തുകടക്കാനാവാതെ വരുകയായിരുന്നു. നാട്ടുകാരും തൊടുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. ഹമീദും മകനുമായി കുറേനാളുകളായി സ്വത്തുതർക്കമുണ്ട്. ഇതുസംബന്ധിച്ച് കോടതിയിൽ കേസുണ്ട്.