പൊതുമേഖല എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് നൽകി വന്ന ഇന്ധന വില വർദ്ധിപ്പിച്ചു. മാർച്ച് 16 ന് ലിറ്ററിന് 21.10 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ റീട്ടെയിൽ വിലയുമായി 27.88 രൂപയുടെ വ്യത്യാസമണ് നിലവിലുള്ളത് (Diff(CP vs RO) :- 121.36 – 93.47). കൺസ്യൂമർ പ്രൈസ് ഇന്നലെ 100.25 രൂപയായിരുന്നു. അത് ഇന്ന് 21.10 രൂപയായാണ് ഉയർത്തിയത്. 21% മാണ് ഒറ്റയിടിക്ക് വർദ്ധിപ്പിച്ചത്. ഇത് കാരണം പ്രതിദിനം കെഎസ്ആർടിസിക്ക് 75 ലക്ഷം മുതൽ 83 ലക്ഷം രൂപയുടെ അധിക ബാധ്യതയും ഒരു മാസം 22 മുതൽ 25 കോടി രൂപയുടെ അധികബാധ്യതയുമാണ് ഉണ്ടാകുന്നത്.
നിലവിൽ ദിവസേന കെഎസ്ആർടിസി 12 ലക്ഷത്തോളം കിലോ മീറ്ററാണ് സർവ്വീസ് നടത്തുന്നത്. ഇതിനായി 270 മുതൽ 300 കിലോ ലിറ്റർ വരെയുള്ള ഡീസലാണ് ഉപയോഗിച്ച് വരുന്നത്. ശമ്പളം ഉൾപ്പെടെയുള്ളവ നൽകുന്നതിന് കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് നിലവിലെ വില വർദ്ധനവ് കൂടുതൽ ഭാരമാണ് ഉണ്ടാക്കുക. വിലവർദ്ധനവിന് എതിരെ കെഎസ്ആർടിസി വ്യാഴാഴ്ച ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും.