‘വിലക്കയറ്റത്തില്‍ ജനം ആത്മഹത്യയുടെ വക്കില്‍; വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയ പരാജയം’

।mage from internetവിലക്കയറ്റത്തില്‍ ജനം ആത്മഹത്യയുടെ വക്കിലാണെന്നും വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്നതിനാലാണ് വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ശൂന്യവേളയില്‍ നിയമസഭയില്‍ ഉന്നയിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ ജാഗരൂഗരാക്കാന്‍ വേണ്ടി കൂടിയാണ്. അങ്ങനെയൊരു ഉത്തരവാദിത്തം കൂടി പ്രതിപക്ഷത്തിനുണ്ട്.

പൊതുവിപണിയിലെ വില വര്‍ധനവിനെ കുറിച്ചാണ് പ്രതിപക്ഷം പറയുന്നത്. പൊതുവിപണിയില്‍ ഗണ്യമായ വിലക്കയറ്റമുണ്ട്. ആറു വര്‍ഷമായി സപ്ലൈകോയില്‍ വിലക്കയറ്റമുണ്ടായിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. അത് സമ്മതിക്കുന്നു. പക്ഷെ പൊതുവിപണിയിലുള്ള വ്യത്യാസവും സപ്ലൈകോയിലുള്ള വ്യത്യാസവുമാണ് മന്ത്രി പറഞ്ഞത്. അതു തന്നെയാണ് പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ സബ്‌സിഡിയിലാണ് സപ്ലൈകോ പ്രവര്‍ത്തിക്കുന്നത്. വിപണി ഇടപെടല്‍ നടത്തി വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് സബ്‌സിഡി നല്‍കുന്നത്. വിപണി ഇടപെടലാണ് പൊതുവിപണിയിലെ വിലയറ്റം പിടിച്ചു നിര്‍ത്തുന്നത്.

60 രൂപയ്ക്ക് ചെറുപയര്‍ കിട്ടുമെന്നാണ് മന്ത്രി പറയുന്നത്. എവിടെ? സപ്ലൈകോയില്‍. പൊതുവിപണിയില്‍ 110 രൂപ കൊടുക്കണം. 50 രൂപയുടെ വ്യത്യാസം. പൊതുവിപണിയിലേത് വലിയ വിലയാണെന്നു മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. അതാണ് പ്രതിപക്ഷവും പറയുന്നത്. പൊതുവിപണിയിലെ വില കുറച്ചുകൊണ്ടു വരാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്ന വിപണി ഇടപെടലിലൂടെ സാധിക്കുന്നില്ല. എല്ലാവരും സപ്ലൈകോ മാര്‍ക്കറ്റില്‍ നിന്നും 60 രൂപയ്ക്ക് ചെറുപയര്‍ വാങ്ങിയാല്‍ 110 രൂപയുടെ പൊതുവിപണിയില്‍ പോകാന്‍ ആരും കാണില്ലായിരുന്നു. അവിടെ ഇരുന്ന് ആ പയര്‍ പൂപ്പല്‍ പിടിച്ചു പോയേനെ. കട ഷട്ടറിട്ടു പോയേനെ. സപ്ലൈകോയ്ക്ക് പൊതുവിപണിയുമായുള്ള വില വ്യത്യാസം ഒരോന്നും മന്ത്രി പറയുമ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ കൈയ്യടിക്കുകയായിരുന്നു. അദ്ഭുതപ്പെട്ടു പോയി. ചില സാധനങ്ങള്‍ക്ക് 50 ശതമാനവും ചിലതിന് നൂറ് ശതമാനവും വില വര്‍ധനവുണ്ട്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നാണ് അതിന് അര്‍ത്ഥം.

പെട്രോളിയം വില വര്‍ധന ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ കൊണ്ട് വിപണിയില്‍ വിലക്കയറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊക്കെ പിടിച്ചു നിര്‍ത്താന്‍ ഒരു പ്രൈസ് മോണിറ്ററിങ് സിസ്റ്റം സര്‍ക്കാരിനുണ്ടാകണം. മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് വരെ ഒരോ ദിവസത്തെയും വിലവര്‍ധനയുടെ ല്‌സിറ്റ് വരും. പണ്ട് അങ്ങനെയായിരുന്നു. ഇപ്പോള്‍ ഉണ്ടോയെന്ന് അറിയില്ല. പ്രൈസ് മോണിറ്ററിങ് സംവിധാനം അനുസരിച്ച് പ്രൈസ് കണ്‍ട്രോള്‍ മോണിറ്ററിംഗ് ഉണ്ട്. അരിയുടെ വില കൂടിയാല്‍ എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കൂടും. അത് ചിലപ്പോള്‍ കൃത്രിമമാകാം. നിത്യോപയോഗ സാധനങ്ങള്‍ വ്യാപകമായി പൂഴ്ത്തിവയ്ക്കപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് നെഹ്‌റുവിന്റെ കാലത്ത് എസെന്‍ഷ്യല്‍ കമ്മേഡിറ്റി ആക്ട് കൊണ്ടുവന്നത്. അതാണ് മോദി ഭേദഗതി ചെയ്യാന്‍ ശ്രമിച്ചത്.

വിപണി ഇടപെടല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇന്ധന വില നിര്‍ണയത്തിന്റെ ഗുണം ലഭിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് 25 ഡോളര്‍ വില വന്നപ്പോഴും ഇന്ത്യയില്‍ ഉയര്‍ന്ന വിലയായിരുന്നു. അതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കൊള്ള. അതിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരുകള്‍ക്കും കിട്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി അധിക നികുതി വേണ്ടെന്നു വച്ചതിനാല്‍ 500 കോടി രൂപ കിട്ടി. പിണറായി സര്‍ക്കാരിന്റെ കാലത്ത് 5000 കോടി രൂപ കിട്ടി. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല.

മഹാമാരിയും സാമ്പത്തിക മാന്ദ്യവും കൂടാതെ കാര്‍ഷിക മേഖലയില്‍ വ്യാപകമായി റിക്കവറി നടക്കുകയാണ്. വല്ലാത്ത പ്രതിസന്ധിയിലാണ് ജനങ്ങള്‍. ജനങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്. ഇതിനിടയിലാണ് വിലവര്‍ധനവ്. സാധാരണക്കാരന്റെ ജീവിതം ദുരിത പൂര്‍ണമാണ്. മന്ത്രി പറഞ്ഞതനുസരിച്ച് സപ്ലൈകോ ഇത്രയും വില കുറച്ച് കൊടുത്താല്‍ മറ്റു കടകള്‍ പൂട്ടിപ്പോയേനെ. അപകടകരമായ നിലയാണ് പൊതുവിപണിയിലുള്ളത്. സര്‍ക്കാര്‍ ഇത് ശ്രദ്ധിക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Share This News

0Shares
0