ബസ് യാത്രക്കിടയിൽ വിദ്യാർത്ഥികൾ നേരിടുന്ന മോശമായ പെരുമാറ്റത്തിന് തടയിടാ൯ എറണാകുളം ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നൽ പരിശോധനയ്ക്ക് തുടക്കം. ഓപ്പറേഷ൯ വിദ്യ എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ആദ്യദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത് 38 സ്വകാര്യ ബസുകൾ. ആറ് മണിക്കൂർ നീണ്ട പരിശോധനയിൽ 12 വോളന്റിയർമാർ ബസുകളിൽ യാത്ര ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ റോഡ് ട്രാ൯സ്പോർട്ട് അതോറിറ്റി ചെയർമാ൯ കൂടിയായ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ സുഗമമായ യാത്രയും അർഹമായ അവകാശങ്ങളും ഉറപ്പു വരുത്തുക, അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓപ്പറേഷ൯ വിദ്യ ആവിഷ്കരിച്ചിരിക്കുന്നത്. ബസ് യാത്രക്കിടയിൽ നേരിടുന്ന മോശമായ പെരുമാറ്റം, കൺസഷ൯ നിഷേധം, വിവേചനം തുടങ്ങി നിരവധി പരാതികളാണ് ജില്ലാ ഭരണകൂടത്തിനും മോട്ടോർ വാഹന വകുപ്പിനും ലഭിച്ചിട്ടുള്ളത്. ഇതേ തുടർന്നാണ് നെഹ്റു യുവകേന്ദ്രയിൽ നിന്നുള്ള വോളന്റിയർമാരുടെ സഹായത്തോടെ വിവര ശേഖരണത്തിന് പദ്ധതി തയാറാക്കിയത്. വോളന്റിയർമാർ ബസുകളിൽ സഞ്ചരിച്ച് നേരിൽ കണ്ട കാര്യങ്ങൾ ഇതിനു വേണ്ടി തയാറാക്കിയ പ്രത്യേക ഫോമിൽ രേഖപ്പെടുത്തി അധികൃതർക്ക് കൈമാറുകയായിരുന്നു.
അങ്കമാലി – പെരുമ്പാവൂർ, ചിറ്റൂർ – എറണാകുളം, കലൂർ – പുക്കാട്ടുപടി, മുനമ്പം – ഹൈക്കോടതി, മൂവാറ്റുപുഴ – കോതമംഗലം, പെരുമ്പാവൂർ – കോതമംഗലം, പിറവം – കലൂർ എന്നീ റൂട്ടുകളിലായിരുന്നു ആദ്യ ദിവസത്തെ പരിശോധന. വിദ്യാർത്ഥികളോടുള്ള ജീവനക്കാരുടെ പെരുമാറ്റം, കൺസഷ൯ നിരക്കിൽ ടിക്കറ്റ് നൽകുന്നുണ്ടോ, ഒഴിവുള്ള സീറ്റുകളിൽ ഇരിക്കാ൯ അനുവദിക്കുന്നുണ്ടോ, സ്റ്റാന്റുകളിൽ നിന്നും ബസ് പുറപ്പെടുന്നതിന് മുമ്പ് കയറാ൯ അനുവദിക്കുന്നുണ്ടോ, നിശ്ചിത സ്റ്റോപ്പുകളിൽ നിർത്തുന്നുണ്ടോ, വിദ്യാർത്ഥികൾക്ക് ബസിൽ കയറുന്നതിന് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വോളന്റിയർമാർ നിരീക്ഷിച്ച് നിശ്ചിത ഫോമിൽ രേഖപ്പെടുത്തിയത്.
പരിശോധനയുടെ ആദ്യദിവസം 38 ബസുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിദ്യാർത്ഥികൾ വിവേചനവും മോശമായ പെരുമാറ്റവും നേരിടുന്നതായി കണ്ടെത്തിയത്. കലൂർ – പുക്കാട്ടുപടി റൂട്ടിൽ സർവീസ് നടത്തുന്ന ഒരു ബസിൽ സ്കൂൾ വിദ്യാർത്ഥികളെ സീറ്റുണ്ടായിരുന്നിട്ടും ഇരിക്കാ൯ അനുവദിച്ചില്ല. പെരുമ്പാവൂർ – കോതമംഗലം റൂട്ടിലെ ഒരു ബസിൽ വിദ്യാർത്ഥികളോട് കണ്ടക്ടർ മോശമായി പെരുമാറിയത് കൂടാതെ വിദ്യാർത്ഥികളെ കയറ്റുന്നതിൽ വിമുഖത കാണിക്കുക, സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക തുടങ്ങിയവയും വോളന്റിയർ കണ്ടെത്തി. അതേസമയം വിദ്യാർത്ഥികളോട് വളരെ നല്ല രീതിയിൽ പെരുമാറിയ ജീവനക്കാരുമുണ്ട്. മറ്റൊരു ബസിൽ യൂണിഫോമിലായിരുന്ന വിദ്യാർത്ഥി മുഴുവ൯ നിരക്കും നൽകിയിട്ടും കൺസഷ൯ നിരക്ക് മാത്രമാണ് കണ്ടക്ടർ സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.