എല്‍ഡിഎഫ് സിപിഐ എമ്മിന് അനുവദിച്ച രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ അഡ്വ. എ എ റഹീമിനെ നിശ്ചയിച്ചു.
ബിരുദാനന്തര ബിരുദധാരിയും മികച്ച വാഗ്മിയും സംഘാടകനുമാണ്
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള മാണിക്കൽ പഞ്ചായത്തിലെ തൈക്കാട് ജനിച്ചു. വിമുക്ത ഭടനായ എം.അബ്ദുൾ സമദും എ.നബീസാ ബീവിയുമാണ് മാതാപിതാക്കൾ. പിരപ്പൻകോട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം. പിരപ്പൻകോട് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കി. കൊല്ലം ജില്ലയിലെ നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള സർവ്വകലാശാലയിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഗവേഷണം തുടരുന്നു. ‘അച്ചടിമാധ്യമങ്ങളും കേരളത്തിലെ മുസ്ലീ നവോത്ഥാന പ്രസ്ഥാനങ്ങളും’ എന്നതാണ് ഗവേഷണ വിഷയം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമ. ചെറിയൊരു കാലം മാധ്യമപ്രവർത്തകനായി കൈരളി ടിവിയിൽ പ്രവർത്തിച്ചു. കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ, കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല നിയമസഭാ നിയോജക മണ്ഡലത്തിൽനിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. യുവധാര മാസികയുടെ എഡിറ്ററായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി,
എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും
സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ’ സംസ്ഥാന വ്യാപകമായി ഹൃദയപൂർവ്വം ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കാനും ‘റീസൈക്കിൾ കേരള’യിലൂടെ പുതിയ മുന്നേറ്റമുണ്ടാക്കാനും ചുക്കാൻ പിടിച്ചു. കുടുംബം: അമൃത സതീശൻ (ജീവിത പങ്കാളി).മക്കൾ: ഗുൽമോഹർ, ഗുൽനാർ.