സില്‍വര്‍ ലൈന്‍ റിപ്പോര്‍ട്ടുകളില്‍ ഗുരുതര ഡാറ്റാ തിരിമറിയെന്നും പ്രതിപക്ഷ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും നിയമസഭയിൽ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുടിയിറക്കപ്പെടുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ സില്‍വര്‍ ലൈനിന്റെ ഇരകളായി മാറും. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും കേരളം തകര്‍ന്നു പോകുന്നൊരു പദ്ധതിയാണിത്.
കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്.ടി.സിയെ സ്വാഭാവിക മരണത്തിന് വിട്ടു നല്‍കിക്കൊണ്ടാണ് വരേണ്യ വര്‍ഗത്തിനു വേണ്ടി സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ നടപ്പാക്കുന്നത്. സില്‍വര്‍ ലൈന്‍ വിജയകരമാകണമെങ്കില്‍ എന്‍.എച്ച് വീതി കൂട്ടരുതെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. അഥവാ കൂട്ടിയാല്‍ ടോള്‍ നിരക്ക് ഉയര്‍ത്തണം. തീവണ്ടികളിലെ യാത്ര നിരക്ക് ഉയര്‍ത്തിയില്ലെങ്കിലും സില്‍വര്‍ ലൈനിന് ആളെ കിട്ടില്ലെന്നും പറയുന്നുണ്ട്. വിമാന യാത്രക്കാരെ ഒഴിവാക്കാന്‍ വിമാനം വെടിവച്ചിടണമെന്നു പറയാത്തത് ഭാഗ്യമാണെന്നു കരുതുകയാണ്. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും പരസ്പര പൂരകങ്ങളാണ്. എന്നാല്‍ മറ്റു പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്ന രീതിയിലേക്കാണ് സില്‍വര്‍ ലൈന്‍ പോകുന്നത്.
പദ്ധതിയുടെ ചെലവിനെപ്പറ്റി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? ഏതു കണക്കിന്റെ അടിസ്ഥാനത്തിലാണ് 64000 കോടിയെന്ന് പറയുന്നത്. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം കോടി രൂപ ചെലവിടേണ്ടി വരുമെന്നാണ് 2018-ല്‍ നീതി ആയോഗ് പറഞ്ഞത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു ലക്ഷത്തി അറുപതിനായിരം കോടിയാകും. പത്തു വര്‍ഷം കൊണ്ട് പദ്ധതി തീരുമ്പോള്‍ രണ്ടു ലക്ഷം കോടി രൂപയ്ക്ക് അപ്പുറം പോകുമെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. അത്രയും തുക വായ്പ എടുക്കാവുന്ന അവസ്ഥയിലാണോ കേരളം? പണമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പാലും മുട്ടയും പോലും കൊടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. കൊച്ചി മെട്രോയുടെ ഒരു ദിവസത്തെ നഷ്ടം ഒരു കോടി രൂപയാണ്. സില്‍വര്‍ ലൈന്‍ നടപ്പാക്കിയ ശേഷം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയാല്‍ കേരളം അതെങ്ങനെ താങ്ങും?
പദ്ധതി സംബന്ധിച്ച് ഗുരുതരമായ ആരോപണം നിയമസഭയില്‍ ഉന്നയിക്കുകയാണ്. പദ്ധതിയുടെ പ്രഥമിക, അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ടുകളിലെയും ഡി.പി.ആറിലെയും കണക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇത് ഡാറ്റാ തിരിമറിയാണ്. ഡാറ്റ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് പഠനം നടത്തിയ സിസ്ട്രയുടെ തലവന്‍ അലോക് കുമാര്‍ വര്‍മ വെളിപ്പെടുത്തിയതും. ഒരു പഠനവും നടത്താതെയാണ് ഡി.പി.ആര് ഉള്‍പ്പെടെയുള്ളവ ഉണ്ടാക്കിയിരിക്കുന്നത്. ഡാറ്റാ കൃത്രിമം കാട്ടിയവര്‍ ജയിലില്‍ പേകേണ്ടിവരും. പദ്ധതി ലാഭകരമാണെന്നു വരുത്തിതീര്‍ക്കാനാണ് ഈ റിപ്പോര്‍ട്ടുകളിലെ തിരിമറിയിലൂടെ ശ്രമിച്ചിരിക്കുന്നത്.
ഒരു ലക്ഷത്തിപതിനായിരം കോടി രൂപയുടെ അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടു വന്നപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നടപ്പാക്കരുതെന്ന് യെച്ചൂരി പറഞ്ഞപ്പോള്‍ കേരളത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞതല്ല ഡി.പി.ആറിലെ എംബാങ്ക്മെന്റിന്റെ കണക്ക്. 328 കിലോ മീറ്റര്‍ ദൂരത്തിലും എംബാങ്കമെന്റാണെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. ഡി.പി.ആറിലും കെ റെയില്‍ വെബ്സൈറ്റലും നിയമസഭയില്‍ മുഖ്യമന്ത്രിയും പറയുന്നത് വ്യത്യസ്തമായ കണക്കുകളാണ്. 35-40 അടി ഉയരത്തിലാണ് എംബാങ്കമെന്റുകള്‍ കടന്നു പോകുന്നത്. എംബാങ്ക്മെന്റ് ഇല്ലാത്ത സ്ഥലങ്ങളില്‍ രണ്ടു വശത്തും ഉയരത്തില്‍ മതില് കെട്ടുമെന്നാണ് ഡി.പി.ആറില്‍ പറയുന്നത്. ഒരു രാത്രി മുഴുവന്‍ മഴ പെയാതാല്‍ പ്രളയമുണ്ടാകുന്ന സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിത പ്രശ്നങ്ങളെ എങ്ങനെ തടത്തു നിര്‍ത്തും?
എംബാങ്ക്മെന്റിന് ആവശ്യമായ പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്ന് കണ്ടെത്തു കല്ലുകള്‍ കിട്ടാത്തതു കൊണ്ടാണ് വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാത്തത്. 3000 മീറ്റര്‍ ഇടാന്‍ കല്ലില്ലാത്തപ്പോള് അഞ്ചു ലക്ഷത്തിലധികം മീറ്റര്‍ ദൂരത്തില്‍ ഇടാനുള്ള കല്ല് എവിടെ നിന്നാണ് കൊണ്ടു വരുന്നത്? പശ്ചിമഘട്ടം മുഴുവന്‍ ഇടിച്ചു നിരത്തിയാലും ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ കിട്ടുമോ? സ്പീഡാണ് വികസനം എന്നു പറയുന്നത് ഇടതുപക്ഷ വിരുദ്ധതയാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രീയ തെളിവുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും വികസന ബദലുകള്‍ കണ്ടെത്താന്‍ ലോകം നിര്‍ബന്ധിതമാക്കപ്പെടുകയും ചെയ്യുന്ന കാലത്താന് വന്‍മൂലധനവും ദീര്‍ഘകാല പ്രത്യാഘാതമുള്ള പദ്ധതിയെ കുറിച്ചും കേരളം ചിന്തിക്കുന്നത്. നിങ്ങള്‍ മുന്നിലല്ല, വളരെ പിന്നിലാണ്. 60 വര്‍ഷം മുന്‍പുള്ള വികസന പരിപ്രേക്ഷ്യമാണ് നിങ്ങളുടേത്.
സില്‍വര്‍ ലൈനിനെ എതിര്‍ത്ത കവികളും എഴുത്തുകാരും അപമാനിക്കപ്പെടുന്ന കെട്ടകാലമാണിത്. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം പദ്ധതികളെ എതിര്‍ക്കാന്‍ അവകാശമില്ലേ? ഇത് നരേന്ദ്ര മോദി സ്റ്റൈലില്‍ മുഖ്യമന്ത്രിക്ക് പെരുമാറാനാകുമോ? പദ്ധതികളെ എതിര്‍ത്താല്‍ തീവ്രവാദികളും ദേശദ്രോഹികളുമാക്കും. ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. പൗരപ്രമുഖന്‍മാരെന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ച ചില ആളുകളെ വിളിച്ചു വരുത്തിയാണ് സില്‍വര്‍ ലൈനിനെ കുറിച്ച് സംസാരിച്ചത്. ഇത് ജനാധിപത്യ കേരളമാണ്. ഇവിടെ മോണോലോഗല്ല വേണ്ടത് സംവാദങ്ങളാണ് വേണ്ടത്. എതിര്‍പ്പുകളെയും ആശങ്കകളെയും ഉത്കണ്ഠകളെയും അഭിമുഖീകരിക്കണം. ജനവിധി എന്തും ചെയ്യാനുള്ള അധികാരമാണെന്ന് തെറ്റിദ്ധരിക്കരുത്.
നിശബ്ദമാക്കിയും അടിച്ചമര്‍ത്തിയും മര്‍ദ്ദിച്ചുമല്ല തെറ്റായ പദ്ധതി നടപ്പാക്കേണ്ടത്. ചര്‍ച്ചകളില്ലാതെ സഹസ്രകോടികളുടെ പദ്ധതി നടപ്പാക്കുമ്പോള്‍ മിണ്ടാതിരിക്കാനാകില്ല. ഭരണകൂടവും ഭരണാധികാരിയും ജനാധിപത്യ വിരുദ്ധമാകുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിക്കും അതാണ് സില്‍വര്‍ ലൈനുമയി ബന്ധപ്പെട്ട സമരങ്ങളെ അടിച്ചമര്‍ത്താന്‍ നടക്കുന്ന സമരങ്ങള്‍. കേരളത്തെ ഒരു ബനാന റിപ്പബ്ലിക് ആക്കി മാറ്റാന്‍ പിണറായി വിജയനെ അനുവദിക്കില്ല. മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച പാരിസ്ഥിതിക സാമ്പത്തിക പ്രശ്നങ്ങളില്‍ കൃത്യമായ മറുപടി പറയാത്ത സാഹചര്യത്തില്‍ വാക്കൗട്ട് നടത്തുന്നതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.