വിവാഹത്തിനായി ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകളെത്തുന്നതിനാൽ വിവാഹ വിനോദ സഞ്ചാരത്തിന് സാധ്യതയുണ്ടെന്നും ഇതിനുള്ള പ്രചാരണം ആരംഭിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പഞ്ഞു. ഹെലി ടൂറിസത്തിന്റെ സാധ്യതയും പഠിക്കും. കോവിഡിൽ പ്രതിസന്ധിയിലായ ഹോം സ്റ്റേ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഡിജിറ്റൽ മാർക്കറ്റിങ് പദ്ധതിക്ക് രൂപം നൽകി. സഞ്ചാരികളിൽ വർധന പ്രതീക്ഷിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ കോളേജുകളിലെ ടൂറിസം ക്ലബ്ബുകളെ നിയോഗിക്കും. മലയോര വിനോദ കേന്ദ്രങ്ങളിലേക്ക് മോട്ടോർ ബൈക്ക് സവാരി പരിപോഷിപ്പിക്കും. കോവളത്തെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.