പി സന്തോഷ്‌കുമാര്‍ സിപിഐ രാജ്യസഭാ സ്ഥാനാര്‍ഥി

കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ സിപിഐ സ്ഥാനാര്‍ഥിയായി പി സന്തോഷ് കുമാറിനെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് പി സന്തോഷ് കുമാർ (51). എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ ദേശീയ കൗൺസിൽ അംഗമായിരുന്നു. വിദ്യാർത്ഥി യുവജന സംഘടനകളിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. ചിറ്റാരിപ്പറമ്പ് ഹൈസ്ക്കൂൾ, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കണ്ണൂർ എസ്എൻകോളജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തിക ശാസത്രത്തിലും നിയമത്തിലും ബിരുദമെടുത്ത പി സന്തോഷ് കുമാർ തളിപ്പറമ്പ് ബാറിൽ അഭിഭാഷകനായിരുന്നു.

എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് സെക്രട്ടറി എഐവൈഎഫ് കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. 2011ൽ ഇരിക്കൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും 2005 ൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്.

സേലം ജയിൽ രക്തസാക്ഷി ഒ പി അനന്തൻ മാസ്റ്ററുടെയും സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ കെ അടിയോടിയുടെയും പൗത്രനാണ്. പഞ്ചായത്ത് എൻജിഒ ഫെഡറേഷൻ നേതാവായിരുന്ന കെ പി പ്രഭാകരന്റെയും പി വി രാധയുടെയും മകനാണ്. ഹൈസ്ക്കൂൾ അധ്യാപിക എം ലളിതയാണ് ഭാര്യ. ഹൃദ്യ, ഋത്വിക് എന്നിവർ മക്കളുമാണ്.

Share This News

0Shares
0