ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനു മുമ്പായുള്ള മൂന്നു മാസങ്ങളിൽ 14.6 കോടി പേർക്ക് സൗജന്യ റേഷൻ വിതരണം ചെയ്തതായി റിപ്പോർട്ട്. കോവിഡ് സമാശ്വാസ പാക്കേജിൻ്റെ പേരിലാണ് ഇത്രയും പേർക്ക് സൗജന്യ റേഷൻ വിതരണം ചെയ്തതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിൽ ഒരു ഘടകം ഇതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതായും പറയുന്നു. 14 ലക്ഷം ടൺ ഗോതമ്പ്, ഒമ്പതുലക്ഷം ടൺ അരി, 10.19 കോടി ലിറ്റർ സോയാബീൻ എണ്ണ, ഒരു ലക്ഷം ടൺ ഉപ്പ്, ഒരു ലക്ഷം ടൺ കടല എന്നിവയാണ് കഴിഞ്ഞ മൂന്നു മാസങ്ങളിലായി സൗജന്യമായി വിതരണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി മാസം 300 കോടി രൂപ വീതം ചെലവഴിച്ചതായും പറയുന്നു.