പഞ്ചാബ് രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടി (ആപ്പ്) പുതുചരിത്രമെഴുതിയതിനൊപ്പം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാനിനും മിന്നും വിജയം. മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ആപ്പിന് ലഭിച്ചിരിക്കുന്നത്. ഇതോടെ പഞ്ചാബ് മുഖ്യമന്ത്രി പദത്തിലായിരിക്കണമെന്ന ആപ്പിൻ്റെ വേറിട്ട ജനകീയ സ്ഥാനാർത്ഥി നിർണയ രീതിക്കുള്ള അംഗീകാരം കൂടിയായി ഭഗവന്ത് മാനിൻ്റെയും ആം ആദ്മി പാർട്ടി യുടെയും അട്ടിമറി വിജയം. ഡൽഹി സംസ്ഥാനത്തിന് പുറമെ മറ്റൊരു പ്രധാന സംസ്ഥാനത്തുകൂടി അധികാത്തിലെത്തുന്നത് ദേശീയ രാഷ്ട്രീയത്തിലും പുതിയ ചലനങ്ങൾക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിക്കഴിഞ്ഞു. സംഘടനാ രീതിയിലും ക്ഷേമ രാഷ്ട്രീയത്തിലും പുതിയ ജനകീയ രാഷ്ട്രീയ സംസ്കാരമാണ് ആപ്പ് മുന്നോട്ടുവെച്ചതെന്നും യുവതലമുറ ഇതേറ്റെടുക്കുന്നതായാണ് പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം പറയുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഭാവിയിൽ കോൺഗ്രസിന് പകരം ആപ്പ് ബിജെപിക്ക് ബദലായി വളർന്നേക്കാമെന്നും വിലയിരുത്തലുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്ത് ആരായിരിക്കണമെന്ന് പഞ്ചാബിൽ തെരഞ്ഞെടുപ്പിന് മുമ്പ് മൊബൈൽ വഴിയായിരുന്നു ആം ആദ്മി പാർട്ടി ജനകീയ അഭിപ്രായം സ്വീകരിച്ചത്. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ പ്രത്യേക ഫോൺ നമ്പർ നൽകിയിരുന്നു. കാമ്പയിനിൽ 21.59 ലക്ഷം പേരാണ് അഭിപ്രായമറിയിച്ചത്. ഡൽഹിയിൽനിന്ന് കെജ്രിവാൾ നേരിട്ടെത്തിയാണ് പ്രഖ്യാപനം നടത്തിയത്. 93.3 ശതമാനം പേരും ഭഗവന്ത് മാനിെൻറ പേരാണ് നിർദേശിച്ചത്. ആപ്പിൻ്റെ ഈ പുതിയ തെരഞ്ഞെടുപ്പ് രീതിക്കും ഡൽഹിയിലെ സുതാര്യ, ക്ഷേമരാഷ്ട്രീയത്തിനുമുള്ള ജനകീയ അംഗീകാരം കൂടിയായി പഞ്ചാബ് തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയവും. 48കാരനായ ഭഗവന്ത് മാൻ ആപ്പിൻ്റെ പഞ്ചാബ് അധ്യക്ഷൻ കൂടിയാണ്. കൊമേഡിയൻ ആയിരുന്ന ഭഗവന്ത് ആപ്പിൻ്റെ ടിക്കറ്റിൽ പഞ്ചാബിലെ സംഗരൂർ മണ്ഡലത്തിൽനിന്ന് രണ്ടുവട്ടം പാർലമെന്റിലെത്തി. നിലവിൽ ലോക്സഭയിലെ ആപ്പിൻ്റെ ഏക പ്രതിനിധിയാണ്.