റഷ്യയുടെ പേര് പരാമർശിക്കാതെ ഉക്രൈനിലെ റഷ്യൻ ആക്രമണവുമായ് ബന്ധപ്പെട്ട് സിപിഐ കേന്ദ്രസൈക്രട്ടറിയറ്റിൻ്റെ പ്രസ്താവന. യുക്രൈനിലെ സൈനിക സംഘർഷങ്ങളിൽ ആശങ്കയെന്ന തലക്കെട്ടിൽ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെ:
“ഉക്രെയ്നിലും പരിസരത്തുമുള്ള സൈനിക സംഘർഷങ്ങളിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. ലോകത്തിന്റെ ഏത് ഭാഗത്തായാലും ഭൗമ‑രാഷ്ട്രീയ ഭിന്നതകൾക്ക് യുദ്ധം പരിഹാരമല്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് പാർട്ടി ആവർത്തിക്കുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെയും അർത്ഥവത്തായ സംഭാഷണങ്ങളിലൂടെയും മാത്രമേ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ. ലോകത്തിന്റെ കിഴക്കൻ മേഖല ഉൾപ്പെടെ ഏത് ഭാഗത്തേക്കും നാറ്റോയെ വ്യാപിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കം ലോകസമാധാനത്തിന് ഭീഷണിയാകുമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഉക്രെയ്നിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് സെക്രട്ടേറിയറ്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആ മേഖലയിലെ ഇന്ത്യൻ ദൗത്യസംഘം മേധാവികളോട് ഈ പ്രശ്നം അടിയന്തരമായി ഏറ്റെടുക്കാൻ ആവശ്യപ്പെടണമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.”