സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയും ഒത്താശ ചെയ്യുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ നിയമനത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നു. കേരളത്തില്‍ അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സിലും ഗവര്‍ണര്‍ ഒപ്പുവച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരുമായി ഗൂഢാലോചന നടത്തിയ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുകയായിരുന്നു.
നിയമസഭ ചേരാന്‍ തീരുമാനിക്കുന്നതിന്റെ തലേദിവസം ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ഗവര്‍ണര്‍, ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സംഘപരിവാര്‍ താല്പര്യങ്ങളാണ് ഗവര്‍ണര്‍ സംരക്ഷിക്കുന്നത്. രാജ്ഭവനില്‍ ആദ്യമായി ബി.ജെ.പി സംസ്ഥാന നേതാവിനെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയും സര്‍ക്കാര്‍ അതിന് കൂട്ടു നില്‍ക്കുകയും ചെയ്തു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണെന്ന പ്രതിപക്ഷം ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കില്ലെന്ന ഗവര്‍ണറുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങി. ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ്. ഭരണഘടനയുടെ 163-ാം വകുപ്പനുസരിച്ച് മന്ത്രിസഭ പാസാക്കി നല്കുന്ന നയപ്രഖ്യാപനം അംഗീകരിക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ടായിരിക്കേ അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി. പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്തളികയില്‍ വച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കീഴടങ്ങിയത്.
രാജ്ഭവനില്‍ ബി.ജെ.പി നേതാവിനെ നിയമിക്കാനുള്ള ഫയലില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തിയത് സര്‍ക്കാരിന്റെ അറിവോടെ ആയിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ ഗവര്‍ണറുടെ പഴ്സണല്‍ സ്റ്റാഫംഗത്തെ നിയമിക്കുന്ന ഫയലില്‍ പൊതുഭരണ സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തുമോ? മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബി.ജെ.പി നേതാവിനെ നിയമിക്കുന്ന ഫയലില്‍ അതൃപ്തി രേഖപ്പെടുത്തിയത്. ഇത് കൊടുക്കല്‍ വാങ്ങലാണെന്ന പ്രതിപക്ഷ ആരോപണത്തെ മറികടന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പൊതുഭരണ സെക്രട്ടറി ഫയലില്‍ ‘അതൃപ്തി’ എന്ന വാക്ക് എഴുതിയത്. എന്നാല്‍ ഗവര്‍ണര്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പൊതുഭരണ സെക്രട്ടറിയെ മുഖ്യമന്ത്രി ബലിയാടാക്കി.
കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളും മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കളും തമ്മിലുള്ള ഒത്തുതീര്‍പ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. അതിനിടയില്‍ ഒന്നിച്ചല്ലെന്നു കാട്ടാന്‍ ചില നാടകങ്ങള്‍ നടത്തുകയാണ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ എല്ലാ നിയമവിരുദ്ധ തീരുമാനങ്ങള്‍ക്കും കുടപിടിക്കുന്നു. ഗവര്‍ണര്‍ സ്വീകരിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ സര്‍ക്കാരും പിന്തുണയ്ക്കുന്നു. ഒരുമിച്ചിരുന്ന് എല്ലാം കോംപ്രമൈസാക്കി ജനങ്ങളെ കബളിപ്പിക്കുന്ന നാടകമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തുന്നത്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ തുറന്നു കാട്ടുന്ന നിലപാടാകും സഭയില്‍ പ്രതിപക്ഷം സ്വീകരിക്കുക.
സര്‍ക്കാരും ഗവര്‍ണറും കേരളത്തില്‍ രണ്ട് അധികാര കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവര്‍ണര്‍ എന്തു പറയുന്നു എന്നു കൂടി നോക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കീഴടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.