ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

Image from internetഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണം വിജയം. പിഎസ്എൽവി സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ആധുനീക റഡാർ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് – 4 നെയാണ് പുലർച്ചെ 5.59 ന് വിക്ഷേപിച്ചത്‌. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നുമാണ്‌ പിഎസ്എൽവി-സി 52 റോക്കറ്റ്‌ പേടകവുമായി കുതിച്ചത്‌. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്.

വിക്ഷേപണത്തിന്റെ മുപ്പത്തിയഞ്ചാം മിനിട്ടിൽ ഇഒഎസ് ഉപഗ്രഹം നിശ്ചിത സൗരസ്ഥിര ഭ്രമണപഥത്തിലിറങ്ങി. 1510 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏത് പ്രതികൂല കാലാവസ്ഥയിലും ഭൂമിയെ നിരീക്ഷിച്ച് കൃത്യവും സൂഷ്‌മവുമായ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ഭൂമിയിലേക്ക് അയക്കാനാവും. ഫ്ളഡ് മാപ്പിങ്ങിനടക്കമുള്ള ഏറ്റവും ആധുനിക സംവിധാനങ്ങളുണ്ട്.

ഇഒഎസ്-4 നൊപ്പം രണ്ട് ഉപഗ്രഹങ്ങൾ കൂടി ലക്ഷ്യത്തിലെത്തി. ഇന്ത്യ-ഭൂട്ടാൻ സംയുക്ത സംരഭമായ ഐഎൻഎസ്-2 ടിഡി ആണ് ഇവയിലൊന്ന്. തെർമൽ ഇമേജിംങ് ക്യാമറയാണ് ഇതിന്റെ പ്രത്യേകത. 17.5 കിലോഗ്രാം തൂക്കമുള്ള പരീക്ഷണ ഉപഗ്രഹമാണിത്. തിരുവനന്തപുരം വലിയമല ബഹിരാകാശ സർവകലാശാലയുടെ പങ്കാളിത്തമുള്ള ഇൻസ്‌പയർ സാറ്റ്-1 ആണ് രണ്ടാമത്തെ പേടകം. 8.5 കിലോഗ്രാം തൂക്കമുള്ള സ്റ്റുഡന്റ് സാറ്റ്ലൈറ്റ് ആണിത്. സൂര്യനെ പഠിക്കുകയാണിതിൻ്റെ ലക്ഷ്യം.

Share This News

0Shares
0