സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളേജ് സാമ്പത്തിക ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്തിമ റിപ്പോർട്ട് റദ്ദാക്കിയത്. കാരക്കോണം മെഡിക്കൽ കോളേജ് സാമ്പത്തിക ക്രമക്കേടിൽ തെളിവില്ല എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട്. കേസിൽ വിശദമായ അന്വേഷണം നടത്തി ആറുമാസത്തിനകം അന്തിമറിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദ്ദേശം. ആവശ്യമെങ്കിൽ സമയം നീട്ടി നൽകാൻ ക്രൈംബ്രാഞ്ചിന് കോടതിയെ സമീപിക്കാം.
മെഡിക്കൽ സീറ്റ് നൽകാനായി പണം നൽകിയിട്ടും സീറ്റ് ലഭിക്കാത്തവർ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് മുന്നിൽ പരാതി ഉന്നയിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. പണം വാങ്ങിയതിന്‍റെ ഉത്തരവാദിത്വം സിഎസ്ഐ ബിഷപ്പ് ധർമ്മരാജ റസ്സാലം രാജേന്ദ്രബാബു കമ്മിറ്റിക്ക് മുന്നിൽ എഴുതി നൽകിയതോടെ പണം നഷ്ടപ്പെട്ടവരും സഭക്കുള്ളിലെ ഒരു വിഭാഗം പരാതിയുമായി കോടതിയെയും പൊലീസിനെയും സമീപിച്ചു. തലവരി വാങ്ങിയതുമായി ബന്ധപ്പെട്ട് എട്ടു കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. ഹൈക്കോടതി നിർദ്ദേശ പ്രകരാമാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്. അഴമതി നിരോധന വകുപ്പും ചേർത്തായിരുന്നു അന്വേഷണം.