നെയ്യാറ്റിൻകര ആര്യങ്കോട് പോലീസ് സ്റ്റേഷനു നേരേ പെട്രോള്‍ ബോംബ് എറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതികളായ രണ്ട് യുവാക്കളും പിടിയിലായി. വാഴിച്ചല്‍ കുന്ദളക്കോട് സ്വദേശിയായ അനന്തു(21), ചൂണ്ടുപലക സ്വദേശിയായ നിധിന്‍(19) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ രണ്ടുപേരും കൈവശമുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോള്‍ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഒറ്റശേഖരമംഗലം ഭാഗത്തേക്ക് അമിതവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.
പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് ലൈറ്ററും പ്രതികളില്‍ ഒരാളുടെ ചെരിപ്പും പോലീസ് അവിടെനിന്നു കണ്ടെടുത്തു.
സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്. തിങ്കളാഴ്ച ചെമ്പൂര് സ്‌കൂളില്‍ നടന്ന സംഘട്ടനത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അമരവിള നിവാസിയായ സനോജിനെ സ്‌കൂളിനു പുറത്തുനിന്നെത്തി കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതിയാണ് അനന്തു. സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോണ്‍നമ്പര്‍ നല്‍കിയില്ലെന്ന വിരോധത്താല്‍ ചെമ്പൂര് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അഞ്ചുമരങ്കാല സ്വദേശി എബിനെ സ്‌കൂളിനു പുറത്തുനിന്നുള്ള സംഘം തിങ്കളാഴ്ച ആക്രമിക്കാനെത്തി. ഇതിനെ ചോദ്യംചെയ്ത എബിന്റെ സുഹൃത്തായ സനോജിനെ അക്രമിസംഘം ആക്രമിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.
ഈ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞ ആര്യങ്കോട് പോലീസ് മുഖ്യപ്രതിയായ അനന്തുവിനെ പിടികൂടാനായി വീട്ടിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നുള്ള വിരോധമാണ് പോലീസ് സ്റ്റേഷനു നേരേയുള്ള ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.
ആക്രമണക്കേസില്‍ പിടികൂടിയ പ്രതികള്‍ കഞ്ചാവ് വില്പന സംഘങ്ങളുമായും മറ്റ് ക്രിമിനല്‍ കേസുകളിലെ പ്രതികളുമായും അടുത്ത ബന്ധമുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ആര്യങ്കോട് സി.ഐ. ശ്രീകുമാരന്‍നായരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.