സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനം: മന്ത്രി വീണാ ജോര്‍ജ്

Image from internet
ആരോഗ്യ മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെല്‍റ്റയെക്കാള്‍ ആറിറട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഒന്നും രണ്ടും തരംഗത്തില്‍ പരമാവധി പീക്ക് ഡിലേ ചെയ്യാനാണ് സംസ്ഥാനം ശ്രമിച്ചത്. ഡൈല്‍റ്റ വൈറസിനേക്കാള്‍ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തില്‍ വ്യാപനം കൂട്ടുന്നത്. ഡെല്‍റ്റാ വകഭേദത്തിനേക്കാള്‍ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാന്‍ പാടില്ല. വളരെ വേഗം പടര്‍ന്ന് പിടിക്കുന്നതിനാല്‍ ആശുപത്രികളിലും ഐസിയുവിലും വെന്റിലേറ്ററുകളിലുമെത്തുന്ന രോഗികള്‍ കൂടാന്‍ സാധ്യതയുണ്ട്.

ഒരു കാരണവശാലും കോവിഡ് വന്ന് പോകട്ടെ എന്ന് കരുതരുത്. കോവിഡിനേയും ഒമിക്രോണെയും പറ്റി തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണം. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഭൂരിപക്ഷം പേരിലും മണവും രുചിയും നഷ്ടപ്പെടുന്നതായി കാണുന്നില്ല.

സ്ഥാപനങ്ങള്‍ ക്ലസ്റ്ററുകള്‍ ആകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരും വളരെയേറെ ശ്രദ്ധിക്കണം. സുരക്ഷ ഉപകരണങ്ങള്‍ എല്ലാവരും കൃത്യമായി ധരിക്കണം. 1508 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് അടുത്തിടെ കോവിഡ് ബാധിച്ചത്.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജനും മരുന്നുകളും സുരക്ഷ ഉപകരണങ്ങളും ഉറപ്പ് വരുത്തുകയും ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ 3,107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകലും സ്വകാര്യ മേഖലയില്‍ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡും നോണ്‍ കോവിഡുമായി 44 ശതമാനം പേര്‍ ഐസിയുവിലും 11.8 ശതമാനം പേര്‍ വെന്റിലേറ്ററിലും മാത്രമേയുള്ളൂ. ആകെ 8353 ഓക്‌സിജന്‍ കിടക്കകളും സജ്ജമാണ്. അതില്‍ 11 ശതമാനത്തില്‍ മാത്രമേ രോഗികളുള്ളു.

മൂന്നാം തരംഗമുണ്ടായാല്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുമ്പ് 4 ഓക്‌സിജന്‍ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 42 ഓക്‌സിജന്‍ ജനറേറ്ററുകള്‍ അധികമായി സ്ഥാപിച്ചു. 14 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്.

സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമെന്നത് വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളായ റെംഡെസിവര്‍, ടോസിലിസാമാബ് എന്നിവയും ബ്ലാക്ക് ഫങ്കസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആംഫോറ്റെറിസിനും നിലവില്‍ അവശ്യാനുസരണം ലഭ്യമാണ്. ഇതു കൂടാതെ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന മോണോകോണല്‍ ആന്റിബോഡിയും കെ.എം.എസ്.സി.എല്‍. മുഖേന സംഭരിച്ചിട്ടുണ്ട്.

Share This News

0Shares
0