സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ കെ ജയചന്ദ്രനാണ് പേര് നിർദ്ദേശിച്ചത്. 39 അംഗ ജില്ലാ കമ്മിറ്റിയേുേം തെരഞ്ഞെടുത്തു.
അറുപത്തൊന്നുകാരനായ സി വി വർഗീസ് കെഎസ് വൈ എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. നാലര പതിറ്റാണ്ടു നീണ്ട പൊതുപ്രവർത്തനത്തിനിടെ സംഘടനാ രംഗത്ത് നിർണായക പദവികൾ വഹിച്ചു. 20 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗമാണ്. നിലവിൽ കർഷക സംഘം ജില്ലാ പ്രസിഡൻ്റുമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.
1961 ഒക്ടോബർ ഏഴിന് ചെള്ളക്കുഴിയിൽ വർഗീസ് – ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനനം. കട്ടപ്പന കാഞ്ചിയാറിൽ ബാല്യം. തുടർന്ന് തങ്കമണിയിലേക്ക് താമസം മാറി. 1979 ൽ 18-ാം വയസിൽ പാർടിയംഗമായി. കെഎസ് വൈ എഫ് അമ്പലമേട് യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 1980 ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറി, 1981 ൽ തങ്കമണി ലോക്കൽ സെക്രട്ടറി, 1984 ൽ ഇടുക്കി ഏരിയാകമ്മിറ്റിയംഗവും 1997ൽ ഏരിയ സെക്രട്ടറിയുമായി. 1991 ൽ ജില്ലാ കമ്മിറ്റിയംഗവുമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.1982 ൽ ഡിവൈഎഫ്ഐ ഇടുക്കി ഏരിയാ സെക്രട്ടറിയും 1986 ൽ ജില്ലാ പ്രസിഡൻ്റും 1987 മുതൽ 97 വരെ 10 വർഷം ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1991 മുതൽ 97 വരെ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റായി. 2014 മുതൽ കർഷകസംഘം ജില്ലാ പ്രസിഡൻ്റാണ്.