ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ലഖിംപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിനാണ് അന്വേഷണസംഘം 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആശിഷ് മിശ്രയും ബന്ധു വീരേന്ദ്ര ശുക്ലയുമടക്കം 14 പേരാണ് പ്രതികൾ. ശുക്ല ഒഴികെയുള്ളവര്‍ ജയിലിലാണ്. കുറ്റപത്രം കോടതി അംഗീകരിച്ചാൽ ഉടൻ വിചാരണ തുടങ്ങും.
ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കിയതോടെ പിതാവ് അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായി. സമരക്കാർക്കെതിരെ അജയ് മിശ്ര ഭീഷണി മുഴക്കിയ ശേഷമാണ് മകനും സംഘവും വാഹനമുപയോഗിച്ച് അപകടമുണ്ടാക്കിയത്. ഒക്ടോബർ മൂന്നിന് വാഹനമുപയോഗിച്ച് നടത്തിയ കുട്ടക്കൊലയിൽ ഗൂഢാലോചന നടന്നതായി അന്വേഷണം സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താക്കുന്നതു വരെ സമരം തുടരുമെന്നാണ് സംയുക്ത കിസാൻ മോർച്ച നിലപാടെടുത്തിട്ടുള്ളത്.