രണ്ടാഴ്ച പിന്നിട്ട് സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം

Representative image from internetപതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന നിൽപ് സമരം പതിനാലാം ദിവസം പിന്നിട്ടു. ചെവ്വാഴ്ച കാസർക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പ്രതിഷേധം കെ ജി എം ഒ എ മുന്‍ സംസ്ഥാന സെക്രട്ടറി ഡോ. കെ ദിനേഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരെ ദൈവങ്ങളെന്നും കോവിഡ് മുന്നണി പോരാളികളെന്നുമുള്ള ആത്മാർത്ഥമല്ലാത്ത വിളികൾക്കപ്പുറം അതൃപ്തരായ ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ ഇടപെടലാണ് സർക്കാർ കാണിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

സേവനനിരതരായ ഡോക്ടർമാരെ തെരുവിൽ സമരത്തിനിറക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം എന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാൻ ഡോക്ടര്മാകർ നിർബന്ധിതരായി തീരുമെന്നും ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് ഡോ: വിജയകൃഷ്ണൻ ജി എസ് പറഞ്ഞു. അനിശ്ചിതകാല സമരത്തിന്റെ പതിനഞ്ചാം ദിവസമായ നാളെ കെ ജി എം ഒ എ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം കൊടുക്കും.

Share This News

0Shares
0