സംസ്ഥാനത്ത് മുന്‍കരുതലിന് ഡിജിപിയുടെ നിര്‍ദ്ദേശം

Representative image from internetആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Share This News

0Shares
0