കോവിഡ് അനന്തരം ചില ട്രെയിനുകളിൽ നാമമാത്രമായി ജനറൽ കോച്ചുകൾ പുനരാവിഷ്കരിച്ചപ്പോൾ തിങ്ങിനിറഞ്ഞ് അൺ റിസേർവ്ഡ് കമ്പാർട്ട് മെന്റിൽ യാത്രക്കാർ വീർപ്പുമുട്ടുകയാണെന്ന് പരാതി. സിംഹഭാഗം ജനറൽ കോച്ചുകളായി സർവീസ് നടത്തിക്കൊണ്ടിരുന്ന വഞ്ചിനാട്, വേണാട്, ഇന്റർസിറ്റി എക്സ്പ്രസ്സുകളിൽ കടുത്ത ദുരിതമാണ് ഇപ്പോൾ യാത്രക്കാർക്ക് സമ്മാനിക്കുന്നത്. ചവിട്ടുപടിയിലും ടോയ്ലറ്റ് ഇടനാഴിയിലും മൂന്നരമണിക്കൂറിലധികം നിന്ന് തിരിയാൻ പോലും കഴിയാതെ കഷ്ടപ്പെടുന്ന യാത്രക്കാരുടെ മുറവിളികൾ റെയിൽവേ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിക്കുന്നു.
റെയിൽവേ ഇത്രയും കാലം സ്വീകരിച്ച സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും പൊള്ളയായ ലാഭം മുൻ നിർത്തിയുള്ള കപട നാടകമായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. ഒമിക്രോൺ പോലുള്ള കോവിഡ് വകഭേദങ്ങളിൽ ലോകരാജ്യങ്ങൾ ശക്തമായ മുൻകരുതൽ സ്വീകരിക്കുമ്പോൾ കുത്തി നിറച്ച കോപ്പകളിൽ ഇന്ത്യൻ റെയിൽവേ തുഗ്ലക്ക് പരിഷകാരവും വാഗൺ ട്രാജഡി അനുസ്മരിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരും ജനപ്രതിനിധികളും മൗനം പാലിക്കുന്നത് ഖേദകരമാണ്.
കോവിഡിന് മുമ്പ് സർവീസ് നടത്തിക്കൊണ്ടിരുന്ന മെമു, പാസഞ്ചർ ട്രെയിനുകൾ ഓടിക്കാത്തതും മലബാർ, മാവേലി, ശബരി, പോലെ ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിക്കാത്തതുമാണ് അൺ റിസേർവ്ഡ് ട്രെയിനുകളിൽ തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നത്. നൂറുശതമാനം ജനറൽ കൊച്ചുകളായി സർവീസ് നടത്തിക്കൊണ്ടിരുന്ന മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്സിൽ ഇപ്പോൾ ഒരു കോച്ച് പോലും അൺ റിസേർവ്ഡ് അനുവദിച്ചിട്ടില്ല. അത്യാവശ്യ സമയങ്ങളിൽ രാത്രി യാത്ര ചെയ്യേണ്ടി വരുന്നവരിൽ നിന്ന് യാത്രാക്കൂലിയുടെ ഇരട്ടിയും അതിലേറെയും പിഴയായി ഈടാക്കിയാണ് റെയിൽവേ ഇപ്പോൾ ആനന്ദം കണ്ടെത്തുന്നത്.
കോവിഡിനെ മുന്നിൽ നിർത്തി യാത്രക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി റെയിൽവേ വെട്ടി ചുരുക്കുകയായിരുന്നു. മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പൂർണ്ണമായും റദ്ദാക്കി. സീസൺ യാത്രകൾ പേരിലൊതുക്കി. പാസഞ്ചർ സർവീസുകൾ നാലിലൊന്നായി. പാസഞ്ചർ നിരക്കുകൾ ഒഴിവാക്കി പകരം എക്സ്പ്രസ്സ് നിരക്കുകൾ കർശനമാക്കി. ഹാൾട്ട് സ്റ്റേഷനുകളടക്കം പല സ്റ്റേഷനും റെയിൽവേ മാപ്പിൽ നിന്ന് പാടേ മായിച്ചു കളഞ്ഞു. ഓഫീസ് സമയങ്ങളെ ഒഴിവാക്കി പുതിയ സമയപരിഷ്കരണം നടപ്പാക്കി. സാധാരണക്കാരൻ ഏറെ ആശ്രയിച്ചിരുന്ന സെക്കന്റ് സിറ്റിംഗിൽ റിസർവേഷൻ നിലനിർത്താൻ തന്നെയാണ് റെയിൽവേയുടെ തീരുമാനം. ശരിക്കും റെയിൽവേ കോവിഡിനെ മുതലാക്കുകയായിരുന്നു.
സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്നവരോട് ചിറ്റമ്മ നയമാണ് റെയിൽവേ എന്നും സ്വീകരിച്ചുവരുന്നത് . സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളെ ആശാസ്ത്രീയമായി പിടിച്ചിട്ട് ചരക്ക് വണ്ടികളെയും ബൈ വീക്കിലി എക്സ്പ്രസ്സുകളെയും കടത്തി വിടുന്നത് പതിവ് സംഭവമാണ്. പടിപടിയായി യാത്രക്കാരെ റെയിൽവേയിൽ നിന്ന് അകറ്റാനും അതുവഴി റെയിൽവേ എളുപ്പത്തിൽ സ്വകാര്യ വത്കരിക്കാനുമുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടപ്പാക്കുന്നതുമെന്നുള്ള സംശയം ബലപ്പെടുകയാണ്.
പല കോച്ചുകളും യാർഡുകളിൽ കിടന്നു നശിക്കുകയാണ്. ചെന്നൈ റീജിയണിൽ ഓടി പഴകിയ ട്രെയിനുകളാണ് പലപ്പോഴും കേരളത്തിന് ലഭിക്കുകയെന്നത് മറ്റൊരു നഗ്ന സത്യമാണ്. ഇനിയും റെയിൽവേ യാത്രക്കാരോട് മനുഷ്യത്വ പരമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ട് പോകാൻ നിർബന്ധിതരാകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് അറിയിച്ചു.