കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അനധികൃതമായും വഴിവിട്ടും ഇടപെട്ട ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് കണ്ണൂര്‍ വി സിക്ക് പുനര്‍ നിയമനം നല്‍കിയതെന്നും സര്‍ക്കാരിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി അയച്ച രണ്ട് കത്തുകളും സര്‍ക്കാര്‍ ഇടപെടല്‍ വ്യക്തമാക്കുന്നതാണ്. മന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തെറ്റായ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് മേലൊപ്പ് ചാര്ത്തേണ്ടയാളല്ല ഗവര്‍ണര്‍. അന്നു താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് ഗവര്‍ണര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും സമ്മര്‍ദ്ദം ചെലുത്തിയതും സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ്. നിയമവിരുദ്ധമായാണ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിലേക്കും ചാന്‍സലറുടെ അധികാരങ്ങളിലേക്കുമുള്ള കടന്നുകയറ്റമാണ് മന്ത്രി നടത്തിയത്. നിയമത്തിനുള്ളില്‍ നിന്നു മാത്രമെ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് സത്യ പ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജി വയ്ക്കണം.
സര്‍വകലാശാലകളിലെ എല്ലാ നിയമനങ്ങളിലും ആരോപണം ഉയരുകയാണ്. ഒഴിവുകളിലേക്ക് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയാണ് നിയമിച്ചിരിക്കുന്നത്. ഇതിനുള്ള ഉപകാരസ്മരണയായാണ് വി.സിയുടെ പുനര്‍നിയമനം. സേര്‍ച്ച് കമ്മിറ്റിയിലെ ചാന്‍സലറുടെ നോമിനിയെ കൂടി സര്‍ക്കാര്‍ നിയമിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഗവര്‍ണറാണ് പുനര്‍നിയമനം നടത്തിയെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. അഴിമതിയും സ്വജനപക്ഷപാതവും നിയമലംഘനവുമാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പഠനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ തലവന്‍ അലോക് വര്‍മ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ലിഡാര്‍ സര്‍വെ എന്നത് തട്ടിക്കൂട്ടിയ സര്‍വെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നേരത്തെ തന്നെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞ കാര്യമാണ്. ഏരിയല്‍ സര്‍വെ നടത്തിയാല്‍ ഒരിക്കലും കൃത്യമായ വിവരങ്ങള്‍ ലഭിക്കില്ല. എത്ര വീടുകള്‍ പൊളിക്കേണ്ടി വരും? എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും? എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സര്‍വെയിലൂടെയാണ് വ്യക്തമാകുക.
ലിഡാര്‍ സര്‍വെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതാണ്. മാത്രമല്ല സര്‍ക്കാര്‍ പറയുന്ന തുകയല്ല പദ്ധതിക്ക് വേണ്ടിവരിക, ഒരു ലക്ഷത്തിലധികം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് വരിക എന്നാണ് സിസ്ട്രയുടെ തലവന്‍ പറയുന്നത്. നീതി ആയോഗ് പറയുന്നത് 1.24 ലക്ഷം കോടി ചിലവ് വരുമെന്നാണ്. എന്നാല്‍ ഇത് 2018ലെ കണക്കാണ്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ രണ്ട് ലക്ഷം കോടി കടക്കും.
വ്യക്തമായ ഒരു റിപ്പോര്‍ട്ട് പോലും ഇല്ലാതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല, നേരായ രീതിയില്‍ സര്‍വെ നടത്തിയിട്ടില്ല. സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണം. ഈ മാസം 18ന് പത്ത് ജില്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും യുഡിഎഫ് നടത്തുന്ന മാര്‍ച്ച് സില്‍വര്‍ ലൈനിന് എതിരായ സമര പരമ്പരകളുടെ തുടക്കമായിരിക്കും.