‘മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലത്’

Image from internetചാൻസിലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സി മാരുടെ നിയമനങ്ങളിലും യൂണിവേഴ്സിറ്റികളുടെ പ്രവർത്തനത്തിലും മനം മടുത്താണ് ചാൻസിലർ പദവി ഒഴിയാൻ ഗവർണർ സന്നദ്ധനായത്. ഒരു ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്ത് നൽകേണ്ടിവന്നത് നമ്മുടെ രാജ്യത്ത് ആദ്യമായിട്ടാകും. സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണ്. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സിലറാക്കുന്നതാണ് നല്ലത്. പ്രതിപക്ഷം നേരത്തെ പറഞ്ഞത് ഗവര്‍ണര്‍ ശരിവച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണറുടെ കത്ത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അപചയവും ബന്ധു നിയമനങ്ങളും നേരത്തെ പലവട്ടം പ്രതിപക്ഷം തെളിവ് സഹിതം പറഞ്ഞതാണ്. അപ്പോഴെല്ലാം പതിവ് മൗനം തുടർന്ന മുഖ്യമന്തിക്ക് ഇപ്പോൾ എന്ത് പറയാനുണ്ട്? ഗവർണറുടെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി അറിയാൻ പൊതു സമൂഹത്തിന് താത്പര്യമുണ്ട്. സർവ്വകലാശാല ഭരണം സിപിഎം സംഘടനകളുടെ പൂർണ നിയന്ത്രണത്തിലാക്കി. പാർട്ടി
നിയമനങ്ങൾ നടത്താനും ബന്ധുക്കളെ കുടിയിരുത്താനുമുള്ള കേന്ദ്രങ്ങളാക്കി സർവകലാശാലകൾ മാറ്റപെട്ടതിന്റെ ദുരന്തം അനുഭവിക്കുന്നത് വിദ്യാഭ്യാസ മേഖല ഒന്നാകെയാണെന്നും സതീശൻ പറഞ്ഞു.

Share This News

0Shares
0