ലീഗ് നേതാവിൻ്റെ വിവാദ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി കെ കെ രമ

Image from internetപൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ വിവാഹത്തെ അധിക്ഷേപിച്ച മുസ്ലീം ലീഗ് നേതാവ് അബ്ദു റഹ്മാൻ കല്ലായിയുടെ വിവാദ പരാമർശത്തിനെതിരെ യുഡിഎഫിനൊപ്പമുള്ള ആർഎംപിയും രംഗത്ത്. ആർഎംപിയുടെ കെ കെ രമ എംഎൽഎയാണ് മുസ്ലീം ലീഗ് നേതാവിൻ്റെ പ്രസംഗത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ:

”വഖഫ് ബോർഡ് നിയമനങ്ങൾ PSC ക്ക് വിട്ട വിഷയത്തിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയിൽ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി വ്യവസായ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തി നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്.
ഒരു ബഹുമത – മതേതര സമൂഹത്തിൽ തങ്ങളുടെ വിശ്വാസ ക്രമങ്ങൾ പാലിക്കാത്തതു കൊണ്ട് ഒരാളെ നിന്ദിക്കാനോ അധിക്ഷേപ വാക്കുകൾ ചൊരിയാനോ ആർക്കും അവകാശമില്ലെന്നു മാത്രമല്ല, അതൊരു കുറ്റകൃത്യം കൂടിയാണ്.

സ്വന്തം പാർട്ടിയിൽ നിന്നു പോലും വിമർശനങ്ങളും വിയോജിപ്പുകളും ഉയർന്നതിനെ തുടർന്ന് വൈകിയെങ്കിലും ആ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായത് നല്ല കാര്യമാണെങ്കിലും ഒരു ഖേദപ്രകടനം കൊണ്ടോ ഒറ്റ നേതാവിന്റെ തിരുത്തൽ കൊണ്ടോ തീരുന്ന കാര്യമല്ല ഇത്.

പൊതു രംഗത്തിടപെടുന്ന മനുഷ്യരുടെ സ്വകാര്യ ജീവിതത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന പ്രവണത കക്ഷി ഭേദമില്ലാതെ തുടരുകയാണ് നേതാക്കൾ. ഒരു ജനാധിപത്യ സമൂഹത്തിന് ചേരാത്ത വിധമുള്ള ആൺ കോയ്മ / തറവാടിത്ത/ നാടുവാഴിത്ത മൂല്യങ്ങളാൽ നയിക്കപ്പെടുന്നതിന്റെ ദുരന്തഫലമാണിത്.

ഈയടുത്ത് ഇതിന് സമാനമായി കേരളത്തിലെ പൊതുമണ്ഡലത്തിലും, സാമൂഹ്യ മാധ്യമങ്ങളിലും ദിവസങ്ങളോളം ആക്രമിക്കപ്പെട്ട സ്വകാര്യ ജീവിതമായിരുന്നു അനുപമയുടെതും അജിത്തിന്റെതും. സ്വന്തം കുഞ്ഞിനെ ലഭിക്കാൻ അനുപമയ്ക്കൊപ്പം നിന്നു എന്നതു കൊണ്ട് വലിയ അധിക്ഷേപങ്ങൾ ഞാനുൾപ്പടെ പലരും ഏറ്റുവാങ്ങിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് സജീവമായത് മുതൽ വ്യക്തിപരമായി നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്ക് കണക്കില്ല. അന്നൊക്കെ കക്ഷിഭേദമില്ലാതെ ഒപ്പം നിന്നവരുണ്ട്. കണ്ടില്ലെന്ന് നടിച്ചവരുണ്ട്. ന്യായീകരിച്ചവരുണ്ട്. അവരിൽ പലർക്കും റിയാസ് നേരിട്ട അധിക്ഷേപത്തിൽ പ്രതിഷേധമുണ്ട് എന്നത് ഏറെ സന്തോഷകരമാണ്. എക്കാലത്തും നീതിക്കും ജനാധിപത്യ ബോധ്യങ്ങൾക്കുമൊപ്പം നിൽക്കാൻ അവർക്ക് കഴിയട്ടെ.”

Share This News

0Shares
0