മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാട് സിപിഐ എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ഇപ്പോൾ ലീഗ് എടുത്തിരിക്കുന്ന നിലപാട് തുറന്നു കാണിക്കേണ്ടത് മുസ്ലിം ബഹുജനങ്ങളെ രക്ഷിക്കാൻ ആവശ്യമാണെന്നും കോടിയേരി പറഞ്ഞു. സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് ലീഗ് ശ്രമം. മതനിരപേക്ഷ പാർട്ടിയാണെന്ന് അവകാശപ്പെട്ടിട്ടുള്ള ലീഗ് അതിൽ നിന്ന് മാറിയോ എന്ന് അവർ വ്യക്തമാക്കണം. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം അണികൾക്കിടയിൽ പരിഭ്രാന്തി പടർത്താനാണ് ലീഗ് ശ്രമിക്കുന്നത്. ഇത് അപകടകരമാണ്. കമ്യൂണിസ്‌റ്റുകാരുമായി ഒരു ബന്ധവും പാടില്ല എന്നാണ് ചിലയാളുകൾ കോഴിക്കോട് പ്രസംഗിച്ചത്. ഏത് പാർട്ടിയിൽ പ്രവർത്തിക്കണമെന്ന് ഓരോ വ്യക്തികളും തീരുമാനിക്കേണ്ട കാര്യമാണെന്നും കോടിയേരി പറഞ്ഞു. സിപിഐയുമായി നല്ല ബന്ധമാണ് പാർട്ടിക്കുള്ളതെന്നും കോടിയരി കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.