യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ബാഴ്സലോണ പുറത്ത്. ജർമ്മനിയുടെ ചാമ്പ്യൻ ക്ലബായ ബയേൺ മ്യൂനിച്ചിനോടേറ്റ പരാജയത്തോടെയാണ് (3-0) സ്പാനിഷ് വമ്പൻമാർക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഗ്രൂപ്പ് ഇ യിൽ ബെനഫിക്ക ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയതും ബാഴ്സലോണക്ക് തിരിച്ചടിയായി. ഇതോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി മാറിയ ബാഴ്സക്ക് ചാമ്പ്യൻസ് ലീഗിൻ്റെ അവസാന 16 ൽ ഇടം പിടിക്കാനാകാതായി. അഞ്ചു വട്ടം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ചരിത്രമുള്ള ബാഴ്സ 16 വർഷത്തിനുശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുന്നത്. സൂപ്പർ താരം മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് പോയത് ബാഴ്സക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ മുൻ താരം സാവിയുടെ പരിശീലനത്തിൻ കീഴിൽ മികവ് നിലനിർത്താൻ ശ്രമിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിലെ പുറത്താകൽ ബാഴ്സക്ക് കനത്ത ആഘാതമായിരിക്കുകയാണ്.