മുല്ലപ്പെരിയാർ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി സംവിധായകൻ വിനയൻ. മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ രാഷ്ട്രീയ സാംസ്കാരിക മേഖല മൗനം വെടിഞ്ഞ് ഒറ്റക്കെട്ടായ പ്രതികരിക്കണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ അദ്ദേഹം പറഞ്ഞു. കുറപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ:”മുല്ലപ്പെരിയാർ വിഷയത്തിൽ മൗനം വെടിഞ്ഞ് രാഷ്ട്രീയ സാംസ്കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണം. മുല്ലപ്പെരിയാർ ഡാമിൻെറ താഴ്വാരത്ത് താമസിക്കുന്ന ജനങ്ങൾ രാത്രിയിൽ ഞങ്ങൾക്കുറങ്ങാൻ കഴിയുന്നില്ലാ..ഭീതികൊണ്ട് കുഞ്ഞുങ്ങളേം കൈയ്യിലെടുത്ത് ഉറക്കമിളച്ചിരിക്കുന്ന ഞങ്ങൾക്ക് ജോലിക്കു പോലും പോകാൻ കഴിയുന്നില്ല.. എന്ന് നിസ്സഹായരായി ചാനലുകളിലൂടെ പറയുന്നത് നമ്മൾ എത്രയോ ദിവസങ്ങളായി കേൾക്കുന്നു.
മുല്ലപ്പെരിയാർ ഡാമിൻെറ പഴക്കവും അതിനെന്തെങ്കിലും സംഭവിച്ചാൽ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനാണ് ഹോമിക്കപ്പെടുന്നതെന്നുള്ള കാര്യവുമൊക്കെ നാളുകളായി നമ്മൾ ചർച്ച ചെയ്യുന്ന വിഷയമായതിനാൽ അതിവിടെ ആവർത്തിക്കുന്നില്ല. പക്ഷേ പുതിയ സാഹചര്യം അതീവ ഗുരുതരമാണ്. നമ്മുടെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിരന്തരം മഴപെയ്യുന്ന മഴക്കാടുകളായി മാറിയിരിക്കുന്നു.
ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ മനസ്സിലാക്കാതെ ഇനിയും നിസ്സാരവൽക്കരിച്ചു പോകുന്നത് ആത്മഹത്യാപരമാണ്. ഇതിനു മുൻപുള്ള ഭരണാധികാരികളെ അപേക്ഷിച്ച് തമിഴ്നാട് മുഖ്യമന്തി എം കെ സ്റ്റാലിൻ മുല്ലപ്പെരിയാറിൻെറ അപകടസാധ്യത മനസ്സിലാക്കിയിട്ടുണ്ടങ്കിലും തമിഴ്നാട്ടിലെ ശക്തമായ രാഷ്ട്രീയ ലോബിയും ഉദ്യോഗസ്ഥ ലോബിയും
ഈ കാര്യത്തിൽ ഒരു രീതിയിലും ഒരു വിട്ടു വീഴ്ച ചെയ്യാൻ തയ്യാറുള്ളവരല്ല.
സംസ്ഥാനങ്ങൾ തമ്മിലുള്ള അതീവ സെൻസിറ്റീവ് വിഷയമായതിനാൽ തന്നെ ആരെയും കുറ്റപ്പെടുത്താനില്ല.
പക്ഷേ രാത്രിയിൽ വെള്ളം തുറന്നു വിട്ട് ഡാമിൻെറ താഴ് വാരത്തിൽ താമസിക്കുന്ന ജനതയെ ഉറങ്ങാൻ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏർപ്പാടെങ്കിലും നിർത്തണമെന്നു നിരവധി പ്രാവശ്യ പറഞ്ഞിട്ടും അതിനു പുല്ലു വില കൊടുക്കുന്നവരോട് ഈ ഡാം കേരളത്തിലാണ് നിൽക്കുന്നത് എന്ന കാര്യം തമിഴ്നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയർത്തി പറയാൻ നമ്മുടെ സർക്കാർ തയ്യാറാകണം എന്നാണെൻെറ അഭ്യർത്ഥന.
നമ്മുടെ ഗവൺമെൻറിനോ ഏതെങ്കിലും പാർട്ടിക്കോ ഒറ്റക്കു തീർക്കാവുന്നതിന് അപ്പുറത്തേക്ക് ഈ പ്രശ്നം മാറിയിരിക്കുന്നു എന്നാണ് പാർലമെൻറിൽ കഴിഞ്ഞ ദിവസം തമിഴ് നാട് എംപി മാരുടെ പ്രകടനം കണ്ടപ്പോൾ തോന്നിയത്. കേരളത്തിലെ എല്ലാ സാംസ്കാരിക നേതാക്കളും, രാഷ്ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യ ആകെ ശ്രദ്ധിക്കുന്ന രീതിയിൽ പ്രതികരിച്ചാലേ ഈ മരണക്കെണിയിൽ നിന്നും നമുക്കു രക്ഷപെടാനാകു എന്നതാണു സത്യം. അല്ലാതെ നിസ്സഹായതയോടെ എന്തു ചെയ്യാനാ നിങ്ങൾ തന്നെ പറയു എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന ആ പാവങ്ങളോടുതന്നെ ചോദിക്കുയല്ല വേണ്ടത്.