തിരുവനന്തപുരം-അങ്കമാലി എംസി റോഡിൽ കാലടി പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഡിസംബര്‍ 12 മുതല്‍ പഠനം നടത്തുന്നത്. പഠനത്തിന്‍റെ ഭാഗമായി ഡിസംബര്‍ 12 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. പത്തു ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
1963ല്‍ നിര്‍മിച്ച പാലത്തിന് 13 സ്പാനുകളിലായി 411.48 മീറ്ററാണ് നീളം. പാലത്തിന്‍റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോണ്‍ക്രീറ്റിന്‍റെ ബലം, വിവിധ ഘടകങ്ങള്‍ക്കുണ്ടായിട്ടുള്ള കേടുപാടുകള്‍ എന്നിവ സംബന്ധിച്ച് മൊബൈല്‍ ബ്രിഡ്ജ് ഇന്‍സ്പെക്ഷന്‍ യൂണിറ്റ് ഉപയോഗിച്ച് സമഗ്രമായ പഠനം നടത്തും.
പാലത്തിലൂടെ ഗതാഗതം നിരോധിക്കുന്ന വേളയില്‍ വാഹനങ്ങള്‍ തിരിച്ചു വിടുന്ന റൂട്ടുകളെ സംബന്ധിച്ച് തീരുമാനിക്കുന്നതിനായി ബെന്നി ബഹന്നാന്‍ എം.പി, എം.എല്‍.എമാരായ റോജി.എം.ജോണ്‍, അന്‍വർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, സമീപ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, പോലീസ് എന്നിവര്‍ പങ്കെടുക്കുന്ന യോഗം ഡിസംബര്‍ എട്ടിന് ചേരുമെന്നും കളക്ടര്‍ അറിയിച്ചു.