കൊച്ചിയിൽ മോഡലുകളായ യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സൈജു തങ്കച്ചന്റേതുൾപ്പെടെ ഫ്ലാറ്റുകളിൽ റെയ്ഡ്. ലഹരി പാർടി നടന്ന കാക്കനാട്ടെ മൂന്ന് ഫ്ലാറ്റുകളിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. പാർടി നടന്ന ഫ്ലാറ്റുകളുടെ പേര്, തീയതി, പങ്കെടുത്തവരുടെ വിവരങ്ങൾ എന്നിവ അന്വേഷകസംഘത്തിന് സൈജുവിൽനിന്ന് ലഭിച്ചിരുന്നു. പാർടികളിൽ പങ്കെടുത്ത ഏഴു യുവതികളടക്കം 17 പേർക്കെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് കേസെടുത്തിട്ടുണ്ട്. കേസെടുത്തവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ തീരുമാനിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ് ചെയ്‌തതിനാൽ ബന്ധപ്പെടാനായിട്ടില്ല. സൈജുവിന്റെ മൊഴി പുറത്തുവന്നതിനുപിന്നാലെ ഇവർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയിരിക്കുകയാണ്.
കാക്കനാട് സൈജു വാടകയ്ക്ക് എടുത്ത ഫ്ലാറ്റ്, ചിലവന്നൂരിൽ സലാഹുദ്ദീൻ എന്നയാളുടെ ഫ്ലാറ്റ്, ഇടച്ചിറയിൽ സുനിലിൻ്റെ ഫ്ലാറ്റ്, മോഡലുകൾ പങ്കെടുത്ത പാർട്ടി നടന്ന ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ, കാക്കനാട്ടെ സ്വകാര്യ ഹോട്ടൽ, വയനാട് റിസോർട്ട്, മാരാരിക്കുളത്തെ റിസോർട്ട്, മൂന്നാർ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി വിവരങ്ങൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്.