സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ്കുമാറിനെ (36) കൊലപ്പെടുത്തിയ സംഭവത്തിൽ ആർഎസ്എസുകാരടക്കം നാലുപേർ പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ജിഷ്ണു, പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസി എന്നിവരാണ് പൊലീസ് പിടിയിലായത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിഷ്ണു ജയിലിൽ കഴിഞ്ഞപ്പോൾ പരിചയപ്പെട്ടയാളാണ് ഫൈസി. കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്.ഒരാൾകൂടി പിടിയിലാകാനുണ്ട്.
സന്ദീപ്കുമാർ വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ രണ്ട് ബൈക്കിലായെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ കുത്തിവീഴ്ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എൻഡിപി ഹൈസ്കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. ഒച്ച കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ചാത്തങ്കേരി പുത്തൻപറമ്പിൽ ബാലന്റെ മകനാണ്. ഭാര്യ സുനിത. അമ്മ ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തിലും വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സിപിഐ എം ഹർത്താൽ ആചരിക്കും. കൊലപാതകത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.