സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണ് മുസ്ലീംലീഗ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. മുസ്ലിംലീഗ് രാഷ്ട്രീയ പാർടിയാണ്, മതസംഘടനയല്ല. ജുമാ നിസ്കാരത്തിനായി പള്ളിയിൽ എത്തുന്നവരിൽ എല്ലാ രാഷ്ട്രീയത്തിൽപ്പെട്ടവരുമുണ്ട്. സർക്കാരിനെതിരെ പ്രസംഗിച്ചാൽ ചോദ്യംചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരും. ഇത് സംഘർഷത്തിനിടയാക്കും.
ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികളാണ് പ്രതിരോധിച്ചത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ആശങ്കകൾ ദൂരീകരിച്ചേ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുമാണ്. മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സിപിഐ എമ്മുമായി അടുക്കുന്നത് ലീഗിനെ ഭയപ്പെടുത്തുന്നു. ഇത് തടയാൻ വിശ്വാസപരമായ വൈകാരികത ചൂഷണം ചെയ്യുകയാണ്. മതേതര പാർടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞു.ലീഗ് ആഹ്വാനത്തിൽ കോൺഗ്രസും യുഡിഎഫിലെ ഘടകകക്ഷികളും അഭിപ്രായം പറയണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.