പൊളിറ്റ് ബ്യൂറോ അംഗമായ കൊബാഡ് ഗാന്ധിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ പ്രസ്താവന. പാർട്ടിയുടെ ജനാധിപത്യ കേന്ദ്രീകരണമെന്ന സംഘടനാ തത്വത്തെ ലംഘിച്ചതിനാലാണ് പുറത്താക്കൽ നടപടിയെന്നാണ് ദേശീയ വക്താവ് അഭയ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. 2009ൽ ഡൽഹിയിൽ നിന്നും ആന്ധ്രാ ഇൻ്റdജൻസ് തട്ടിക്കൊണ്ടുപോയി അറസ്റ്റുചെയ്യപ്പെട്ട കൊബാഡ് ഗാന്ധി 10 വർഷം നീണ്ട ജയിൽവാസത്തിന്നു ശേഷമാണ് വിട്ടയക്കപ്പെട്ടത്. ജയിൽ അനുഭവങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിൽ കൊബാഡ് ഗാന്ധി, പാർട്ടിക്കും പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകൾക്കും എതിരായ പരാമർശങ്ങൾ നടത്തിയെന്നും പാർട്ടിയോടാലോചിക്കാതെയാണ് പുസ്തകം പ്രസിദ്ധപ്പെടുത്തിയെന്നും നടപടി പ്രസ്താവനയിൽ പറയുന്നു. നാൽപ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു മുതിർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത വിമർശനമാണ് കൊബാഡ് ഗാന്ധിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നും വിമർശനങ്ങൾക്കുള്ള വിശദമായ മറുപടി പാർട്ടി നൽകുമെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു.