റോഡ് അറ്റകുറ്റ പണി മഴ മാറിയാൽ ഉടൻ: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണി മഴ മാറിയാൽ ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ:
“കേരളത്തിൽ ഇത്തവണ സർവ്വകാല റെക്കോർഡ് മഴയാണ് ലഭിച്ചത്. ശക്തമായ മഴയുടെ ഭാഗമായി പല റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഭാവിയിൽ റോഡുകൾക്ക് വരുന്ന അറ്റകുറ്റപ്പണികൾ കാലതാമസം ഇല്ലാതെ പരിഹരിക്കാനും റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തൽ, റണ്ണിംഗ് കോൺട്രാക്ട് നടപ്പിലാക്കൽ, വർക്കിംഗ് കലണ്ടർ പ്രസിദ്ധീകരിക്കൽ, നിർമ്മാണ പ്രവൃത്തിയിൽ നൂതന സാങ്കേതിക വിദ്യകൾ എന്നിങ്ങനെ സുപ്രധാന ചുവടുവെയ്പുകളാണ് വകുപ്പിൽ നടപ്പിലാക്കിയിട്ടുള്ളത്. ഭാവിയിൽ ഇതിൻ്റെ ഗുണഫലം ഉണ്ടാകും എന്ന കാര്യം തീർച്ചയാണ്. എന്നാൽ നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറാതെ നടത്താൻ സാധിക്കില്ല. മഴയത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയാൽ അത് നിലനിൽക്കില്ല.

മഴ മാറിയാൽ പ്രവൃത്തി ആരംഭിക്കാനുള്ള തയ്യാറെടുപ്പാണ് വകുപ്പ് നടത്തി വരുന്നത്. കേടുപാടുകളുണ്ടായ റോഡുകളിൽ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികൾക്ക് 119 കോടി രൂപ നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്.
എന്നാൽ നിർമ്മാണ പ്രവൃത്തികൾ തുടങ്ങാൻ കഴിയാത്ത വിധം മഴ തുടർന്നുകൊണ്ടേയിരിക്കുകയാണ്.

സാധാരണ നവംബറിൽ പൊതുമരാമത്ത് നിർമ്മാണ പ്രവൃത്തികൾ തുടങ്ങാൻ സാധിക്കാറുണ്ട്. എന്നാൽ നവംബർ അവസാനമായിട്ടും മഴ നിൽക്കുന്നില്ല.
മെയ് 20 ന് ഈ സർക്കാർ അധികാരമേറ്റത് മുതൽ ഇതുവരെ മഴ നിന്നിട്ടില്ല. ഇത് കാരണം ചില റോഡുകളിൽ വലിയതോതിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ മഴ മാറിയാലുടൻ പ്രവൃത്തി ആരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണികളുടെ മേൽനോട്ടവും ഗുണമേൻമയും ഉറപ്പു വരുത്തുന്നതിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗവും,
നിരത്ത് പരിപാലന വിഭാഗവും പ്രത്യേക പരിശോധനകൾ നടത്തും.”

Share This News

0Shares
0