മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിന് വനം വകുപ്പ് തയാറാക്കിയ പദ്ധതി രേഖ മുഖ്യമന്ത്രി പിണറായി വിജയന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ കെമാറി. ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍, വന്യജീവി ആക്രമണം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ എസ്എംഎസ് മുതലായവ വഴിയുള്ള മുന്നൊരുക്കങ്ങള്‍, ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചിലുകള്‍, കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍, വന്യ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, അപകടകാരികളായ വന്യ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍,വിളനാശത്തിന് ഇന്‍ഷ്വറന്‍സ്, ജനജാഗ്രതാ സമിതികള്‍, വന സംരക്ഷണ സമിതികള്‍, ഇക്കോ ഡവലപ്‌മെന്റ് കമ്മറ്റികളുടെ രൂപീകരണം, വാട്ടര്‍ ഹോളുകളുടെ പരിപാലനം, ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ സ്ഥാപനം, അധിനിവേശ വൃക്ഷങ്ങള്‍ മാറ്റി സ്വദേശി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത, സസ്യഭുക്കുകളായ വന്യമൃഗങ്ങളില്‍ നിന്നും വയലുകളുടെ പരിപാലനം, മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിന് നിയോഗിക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം ഉള്‍പ്പെടെയുള്ളവ പ്രതിപാദിക്കുന്നതാണ് പദ്ധതി രേഖ.
മനുഷ്യ വാസസ്ഥലങ്ങളിലും കൃഷിഭൂമിയിലും ആനകള്‍ പ്രവേശിക്കുന്നത് തടയാന്‍ കിടങ്ങുകള്‍, സൗരോര്‍ജ വേലികള്‍, തൂക്കിയിടാവുന്ന സോളാര്‍ വേലി, വന്യമൃഗങ്ങളെ അകറ്റി നിര്‍ത്തുന്ന തരം ചെടികള്‍ വച്ചുപിടിപ്പിക്കുക. ആനമയക്കി, ശക്തി കൂടിയ മുളക് ചെടികള്‍, വന്യമൃഗങ്ങള്‍ക്ക് കടന്നുവരാന്‍ തടസം സൃഷ്ടിക്കുന്ന തരം പനകള്‍, മറ്റ് ചെടികള്‍ എന്നിവ നിരനിരയായി കൂട്ടമായി വച്ചുപിടിപ്പിച്ച് ജൈവവേലി തയാറാക്കും. മനുഷ്യനും വന്യമൃഗങ്ങളും നേരിട്ട് കണ്ടുമുട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും. ഇതിനായി വിവിധ പ്രദേശങ്ങളില്‍ ഉള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ ഉണ്ടാക്കും. അവര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് ദ്രുതകര്‍മസേന കൈകാര്യം ചെയ്യുന്ന കണ്‍ട്രോള്‍ റൂമുകള്‍ വഴി ഇലക്ട്രോണിക് സന്ദേശമായി (എസ്.എം.എസ് ഉള്‍പ്പെടെ) രജിസ്റ്റര്‍ ചെയ്യപ്പെട്ട ആളുകള്‍ക്ക് മുന്നറിയിപ്പായി നല്‍കും. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തി അറിയിപ്പ് നല്‍കുന്നതിനും ഡ്രോണുകള്‍ ഉണ്ടാക്കുന്ന ശബ്ദം വഴി ആനകളെ തുരത്തുന്നതിനും നടപടി സ്വീകരിക്കും. ഉപഗ്രഹസംവിധാനം, ജി.എസ്.എം സാങ്കേതികവിദ്യ തുടങ്ങിയവ വഴിയും ജി.പി.എസ് പ്രകാരവും വന്യജീവികളുടെ സാന്നിധ്യം കണ്ടെത്തും. പ്രശ്‌നക്കാരായ മൃഗങ്ങള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കും. ഇത്തരം മൃഗങ്ങളെ കൂടുകള്‍ വച്ചോ മറ്റു വിധത്തിലോ വനത്തിലേയ്ക്ക് തുരത്തിയോടിച്ചോ പിടികൂടി വിദൂര സ്ഥലങ്ങളില്‍ എത്തിച്ചോ തിരിച്ചുവരുന്നത് തടയും. കാട്ടുപന്നികളെ കൂടുകള്‍ വച്ച് പിടികൂടി കടുവ സാന്നിധ്യമുള്ള വനങ്ങളില്‍ തുറന്നുവിടുന്നതിന് നടപടികള്‍ സ്വീകരിക്കും.കൃഷി ഭൂമിയോട് ചേര്‍ന്ന് പന്നികളെ തടയുന്ന വേലി ഉണ്ടാക്കുക , സൗരോര്‍ജ വേലി സ്ഥാപിക്കുക ,പന്നികളെ ഓടിക്കാന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കല്‍,വനത്തോട് ചേര്‍ന്ന കൃഷിഭൂമിയുടെ അതിരുകളില്‍ മാങ്ങ ഇഞ്ചി കൃഷി ചെയ്യുക ,റബര്‍തോട്ടങ്ങളില്‍ വെള്ള നിറത്തോടു കൂടിയ പ്ലാസ്റ്റിക് ഷീറ്റ് വേലികള്‍ സ്ഥാപിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളും സ്വീകരിക്കും.
കുരങ്ങ് ശല്യം ഒഴിവാക്കാന്‍ വിളകള്‍ സംയോജിത കൃഷി രീതിയില്‍ ഉള്‍പ്പെടുത്തുക, കാടുകളില്‍ പ്രകൃതിദത്ത പഴച്ചെടികള്‍ വെച്ചുപിടിപ്പിക്കുക, പ്രശ്‌നക്കാരായ കുരങ്ങുകളെ വിദഗ്ധരെ ഉപയോഗിച്ച് പിടിച്ചശേഷം പ്രത്യേകം ഉണ്ടാക്കിയ മങ്കി ഷെല്‍ട്ടറുകളിലേക്ക് മാറ്റുക, ആണ്‍- പെണ്‍കുരങ്ങുകളെ വന്ധ്യംകരണം ചെയ്യുക എന്നീ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. മയില്‍, നീലക്കോഴി എന്നിവയുടെ എണ്ണം സംബന്ധിച്ച് പഠനം നടത്തും. ഇവയെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എന്‍.ആര്‍.ഇ.ജി.എസിന്റെ സേവനം ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നതാണ്. അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വര്‍ദ്ധിപ്പിക്കലിന്റെ ഭാഗമായി അടിയന്തര നടപടികള്‍ക്കായി ദ്രുതകര്‍മസേനകള്‍ രൂപീകരിക്കും. സേനാ ബലം വര്‍ധിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ തടയാന്‍ സാധിക്കുന്നതാണ്. വന്യജീവി സംഘര്‍ഷം കൈകാര്യംചെയ്യാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി ‘കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റ് ടീമുകള്‍’ രൂപീകരിക്കുക. അതത് പ്രദേശങ്ങളെകുറിച്ച് ധാരണയുള്ളതും മൃഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച അറിവുള്ള, പരിശീലനം ലഭിച്ച ആളുകളെ ഇതിലേക്ക് പ്രത്യേകം തിരഞ്ഞെടുക്കും. മറ്റു മൃഗങ്ങളുടെ ആക്രമത്തില്‍ പരിക്കേറ്റ മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് ഇരപിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവ നാട്ടിലിറങ്ങി കന്നുകാലികളെയും മനുഷ്യരെയും ആക്രമിക്കുന്നു. ഇത്തരം വന്യമൃഗങ്ങള്‍ക്കായി പ്രത്യേക സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും അപകടകാരികളുമായ ആനകളെ പിടിച്ച് പ്രത്യേകമായി പാര്‍പ്പിക്കും. കുങ്കിയാനകളായി പരിശീലനം നല്‍കാന്‍ കഴിയുന്നവയെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ആന ക്യാമ്പിലേക്ക് മാറ്റും. മറ്റുള്ളവയെ കോട്ടൂരുള്ള ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റും.വയനാട്ടില്‍ തയാറാക്കിയ മാതൃകയില്‍ കടുവാ പരിപാലന കേന്ദ്രം തൃശ്ശൂരിലും സ്ഥാപിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഉയരമുള്ള വാച്ച് ടവറുകള്‍ സ്ഥാപിക്കും. വിളനാശത്തിന് നഷ്ടപരിഹാരം നല്‍കല്‍, ജീവഹാനി, പരിക്ക് തുടങ്ങിയവയ്ക്ക് എക്‌സ്‌ഗ്രേഷ്യ തുക നല്‍കല്‍, അപകടകരമായ സാഹചര്യങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന ഫീല്‍ഡ് ജീവനക്കാര്‍ക്കായി ജീവനും ആരോഗ്യ പരിപാലനത്തിനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തല്‍ മുതലായവയും പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിളനാശത്തിന് ഇന്‍ഷുറന്‍സിനായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഏടുക്കുകയും സംസ്ഥാനത്തിന് വാഹിക്കാവുന്ന പ്രീമിയം തുകയുടെ ശതമാനം നിശ്ചയിക്കുകയും ചെയ്യും. മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കുന്നതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. പൊതുജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ ശിപാര്‍ശയിലുണ്ട്. ഇതിന്റെ ഭാഗമായി ജനജാഗ്രത സമിതികള്‍ പ്രവര്‍ത്തന സജ്ജമാക്കുക, വനസംരക്ഷണ സമിതികളും ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളും കാര്യക്ഷമമാക്കുക എന്നീ നടപടികള്‍ ഊര്‍ജ്ജിതമാക്കും. വെള്ളം ലഭിക്കാത്തതാണ് മൃഗങ്ങള്‍ അവയുടെ വാസസ്ഥലത്ത് നിന്നും മനഷ്യവാസ സ്ഥലങ്ങളിലേക്ക് വരാനുള്ള ഒരു കാരണം.വനപ്രദേശങ്ങളില്‍ ഉപരിതല ജലലഭ്യത ഉണ്ടാക്കുന്നതിന് വാട്ടര്‍ഹോളുകളുടെ പരിപാലനം കാര്യക്ഷമമാക്കി ഇതിന് പരിഹാരമുറപ്പാക്കും.
ഭൂഗര്‍ഭ ജലവിതാനം നിലനിര്‍ത്തി കൊണ്ടുപോകുന്നതിനും കാട്ടുതീ തടയുന്നതിനും ഫലപ്രദമായ ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കും. മഞ്ഞക്കൊന്ന ഉള്‍പ്പെടെ വിദേശ ഇനം ചെടികള്‍ നീക്കം ചെയ്യും. അധിനിവേശ വൃക്ഷങ്ങളെ മാറ്റി പ്ലാവ്, മാവ് മറ്റ് തദ്ദേശീയ ഫല വൃക്ഷങ്ങള്‍ എന്നിവ വനത്തിനുള്ളില്‍ വച്ചു പിടിപ്പിക്കുന്നത് മൃഗങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ സാധിക്കുന്നതാണ്. വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യല്‍, മൃഗങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക, ജീവിത ശൈലിയില്‍ മാറ്റം വരുത്തുക തുടങ്ങിയവ സംബന്ധിച്ച വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുമെന്നും പദ്ധതി രേഖയില്‍ വ്യക്തമാക്കുന്നു.