കെ എസ് ബ്രിഗേഡ് ഫാസിസ്റ്റുകൾ; സുധാകരന്റെ നേതൃത്വം ഗുണം ചെയ്യില്ല: വി എം സുധീരൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുന്‍ പ്രസിഡന്റ് വി എം സുധീരൻ്റെ രൂക്ഷ വിമർശനം. സുധാകരന്റെ പേരിലുള്ള ‘കെ എസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലിയാണെന്ന് സുധീരന്‍ തുറന്നടിച്ചു. സുധാകരനോട് വിയോജിപ്പുള്ളവരെ തേജോവധം ചെയ്യുകയാണ് ആരാധകവൃന്ദം. കെപിസിസി പ്രസിഡന്റ് ഈ തരത്തിലുള്ള ഫാസിസ്റ്റ് ശൈലി വെച്ചുപുലര്‍ത്തുന്നത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും സുധീരന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധീരന്റെ വിമര്‍ശനം.

വിയോജിപ്പുണ്ടെങ്കില്‍ മുഖത്ത് നോക്കി സംസാരിക്കുന്നതാണ് തന്റെ ശൈലി. വൈരാഗ്യബുദ്ധിയോടെ ആരോടും പെരുമാറിയിട്ടില്ല. സുധാകരന്റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പോലും ഗുണമല്ല. അവിടെ നാല് എംഎല്‍എമാരുണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്ത സുധാകരന്‍ തന്നെ നേതാക്കളെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

Share This News

0Shares
0