‘ഗ്രാമ വണ്ടിയുമായി കെഎസ്ആർടിസി, എംഎൽഎമാർ നിർദ്ദേശിച്ചാൽ മുൻഗണന; ഇന്ധന ചെലവ് തദ്ദേശസ്ഥാപനങ്ങൾക്ക്’

Image from internetകെഎസ്ആര്‍ടിസി ഗ്രാമീണ മേഖലയിലാരംഭിക്കുന്ന ഗ്രാമവണ്ടികളില്‍ എംഎല്‍എമാര്‍ നിര്‍ദ്ദേശിക്കുന്നവയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്ധനച്ചെലവ് വഹിക്കുന്ന രീതിയിലാണ് ഗ്രാമവണ്ടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. എംഎല്‍എ ഫണ്ട് ഇതിനായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. ജന്മദിനം, ചരമവാര്‍ഷികം പോലുള്ള ഓര്‍മ്മ ദിനങ്ങളിലുള്‍പ്പെടെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടികള്‍ സ്പോണ്‍സര്‍ ചെയ്യാം.

സ്വാതന്ത്ര്യം ലഭിച്ച് കാലമേറെ കഴിഞ്ഞിട്ടും ഗതാഗത സൗകര്യമില്ലാത്ത പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്. പൊതുജനങ്ങളുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനെപ്പോലെ തദ്ദേശസ്ഥാപനങ്ങള്‍ക്കുമുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ നഷ്ടം സഹിച്ച് ഇനിയും ബസ് സര്‍വ്വീസ് ആരംഭിക്കുവാന്‍ കെഎസ്ആര്‍ടിസിയ്ക്ക് കഴിയില്ല. എന്നാല്‍ പൊതുജനങ്ങളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോട് കൂടിയുള്ള ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെഎസ്ആര്‍ടിസിയുമായി ഒരു വര്‍ഷത്തെ കരാറിലേര്‍പ്പെടണം. പ്രാദേശിക ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം കുറഞ്ഞത് 150 കിലോ മീറ്റര്‍ ഓടിയാലേ ഗ്രാമവണ്ടികള്‍ നഷ്ടമില്ലാതെ നടത്താനാവൂ. ഒരു പഞ്ചായത്തില്‍ തന്നെ അത് സാദ്ധ്യമാകണമെന്നില്ല. അത്തരം സാഹചര്യത്തില്‍ പല പഞ്ചായത്തുകള്‍ ചേര്‍ന്ന് ഇന്ധനച്ചലവ് പങ്കിടുന്ന തരത്തില്‍ സര്‍വ്വീസ് ക്രമീകരിക്കാന്‍ കഴിയും. ജില്ലകള്‍ക്ക് പുറത്തേയ്ക്ക് ഇത്തരം സര്‍വ്വീസ് നീട്ടുന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാരുടെ എണ്ണം അനുസരിച്ച് 18,24,28,32 സീറ്റുകളുള്ള വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. സ്വകാര്യ വാഹനങ്ങള്‍ ഒരോ വര്‍ഷത്തേയ്ക്കും ലീസിനെടുത്താണ് സര്‍വ്വീസ് നടത്തുന്നത്. ആവശ്യത്തിന് വാഹനങ്ങളില്ലാത്തതു കൊണ്ടാണ് പാരലല്‍ സര്‍വ്വീസുകള്‍ നടക്കുന്നതെന്നും ഗ്രാമവണ്ടികൾ ആരംഭിക്കുന്നതോടു കൂടി ഇത്തരം സര്‍വ്വീസുകള്‍ ഇല്ലാതാകുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ യാത്രാ നിരക്കില്‍ നിലവിലുള്ള കണ്‍സെഷനുകള്‍ നില നിര്‍ത്തിയാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Share This News

0Shares
0