സൂപ്പർ താരങ്ങളായ ജേസൺ റോയിയും കെയ്ൻ വില്യംസണും നിരാശപ്പെടുത്തിയ മത്സരത്തിൽ സൺറൈസേഴ്സ് ഹെെദരാബാദ് ആറ് വിക്കറ്റിന് ചെന്നെെ സൂപ്പർ കിങ്സിനോടു പരാജയപ്പെട്ടു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നു. സൺറൈസേഴ്സ് നൽകിയ 135 റൺ ലക്ഷ്യവുമായി ഇറങ്ങിയ ചെന്നെെ രണ്ട് പന്ത് ബാക്കി നിൽക്കെ വിജയം കണ്ടു. മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹാസെൽവുഡും രണ്ടെണ്ണം വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുമാണ് ചെന്നെെ നിരയിൽ തിളങ്ങിയത്. വൃദ്ധിമാൻ സാഹയാണ് (46 പന്തിൽ 44) ഹെെദരാബാദിന്റെ ടോപ്സ്കോറർ. ജേസൺ രണ്ടും കെയ്ൻ വില്യംസ് 11 റണ്ണുമാണ് എടുത്തത്. ചെന്നെെക്കായി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്ക്-വാദും (38 പന്തിൽ 45) ഫാഫ് ഡു പ്ലെസിസും (36 പന്തിൽ 41) മികച്ച തുടക്കം നൽകി. 13 പന്തിൽ 17 റണ്ണുമായി പുറത്താകാതെ നിന്ന അമ്പാട്ടി റായിഡുവാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. 14 റണ്ണുമായി ധോണിയും പുറത്താകാതെനിന്നു.