തെരഞ്ഞെടുപ്പു വാഗ്ദാനം സ്വാഹ; പെൻഷനിൽ നവലിബറൽ നയം തുടരുമെന്ന സൂചന നൽകി ധനമന്ത്രി

പെൻഷൻ പൂർണമായും സർക്കാർ നൽകുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷന് പകരം ജീവനക്കാരും വിഹിതം നൽകേണ്ടി വരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി  സംസ്ഥാനത്ത് തുടരുമെന്ന സൂചന നൽകി  ധനമന്ത്രി കെ എൻ ബാലഗോപാർ. ഇന്ത്യയിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ മാറ്റി  പങ്കാളിത്ത പെൻഷൻ ബംഗാളിലൊഴികെ എല്ലായിടത്തും നടപ്പാക്കി. ബംഗാൾ നടപ്പാക്കിയില്ലെങ്കിലും മമത ബാനർജി സർക്കാർ അധികാരത്തിലെത്തിയ ശേഷം സർക്കാർ സർവീസിൽ സ്ഥിര നിയമനം നൽകിയിട്ടില്ല എന്ന വസ്തുതയും മനസിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു.  ധനമന്ത്രിയുടെ പ്രസ്താവന  2016ലെ എൽഡിഎഫിൻ്റെ പ്രകടനപതികയിലെ വാഗ്ദാനത്തിൽ നിന്നുള്ള പിൻവാങ്ങലാവുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ ഇരുന്ന പ്പോഴാണ് പങ്കാളിത്ത പെൻഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്. സാമ്രാജ്യത്യ നവലിബറൽ നയമെന്ന് പറഞ്ഞ്  ഇടതുപക്ഷം  അതിനെതിരെ അന്ന് ശക്തമായ വിമർശനമാണ് ഉയർത്തിയത്. സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു.  ഇതിനേത്തുടർന്നായിരുന്നു  തങ്ങൾ അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുമെന്ന് 2016ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ  എൽഡിഎഫ് വ്യക്തമാക്കിയത്. അതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇത്തവണയെങ്കിലും റിപ്പോർട്ട് സമർപ്പിച്ച് പങ്കാളിത്ത പെൻഷൻ പുനപരിശോധിക്കും എന്നായിരുന്നു സർക്കാർ ജീവനക്കാർ പ്രതീക്ഷിച്ചത്.  എന്നാൽ ധനമന്ത്രിയുടെ പ്രസ്താവന ഇടതുപക്ഷ അനുകൂല ജീവനക്കാരെ നിരാശരാക്കിയിരിക്കുകയാണ്.

Share This News

0Shares
0