നടൻ തിലകന് സ്മാരകം വരുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. സ്മാരക നിർമാണത്തേക്കുറിച്ചുള്ള മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ: “മലയാള നാടക-ചലച്ചിത്ര രംഗത്തെ മഹാനടൻ തിലകൻ സാറിന്റെ ഓർമ്മകൾക്ക്പ്രണാമം. അക്ഷരാർത്ഥത്തിൽ മലയാളത്തിന്റെ തിലകക്കുറിയായിരുന്ന, അഭിയനയകലയുടെ ‘പെരുന്തച്ചൻ’ ഓർമ്മയായിട്ട് ഇന്ന് ഒൻപതാണ്ട്. കാലം പിന്നിടുമ്പോൾ പകരക്കാരനായി ആ സ്ഥാനത്ത് തിരശീലയിൽ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്തിടത്താണ് ആ നഷ്ടത്തിന്റെ ആഴവും പരപ്പും കൂടുതൽ ബോധ്യപ്പെടുന്നത്.
പെരുന്തച്ചനിലെ തച്ചനും, കിരീടത്തിലെ അച്യുതൻ നായരും, മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും, സ്ഫടികത്തിലെ ചാക്കോമാഷും, കിലുക്കത്തിലെ ജസ്റ്റിസ് പിള്ളയും, യവനികയിലെ വക്കച്ചനും, പട്ടണപ്രവേശത്തിലെ അനന്തൻ നമ്പ്യാരുമൊക്കെയായി…തിലകൻ എന്ന നടന വൈഭവം അനശ്വരമാക്കിയ എത്രയോ കാഥാപാത്രങ്ങൾ.
നടനവും, ഭാവവും, രൂപഭാവങ്ങളും, ശബ്ദവും, സംഭാഷണത്തിലെ വ്യത്യസ്തതയും സ്വാംശീകരിച്ച മഹാപ്രതിഭയുടെ സ്മരണ നിലനിർത്തുന്നതിനും, അദ്ദേഹം മലയാള സിനിമയ്ക്കും അഭിനയകലയ്ക്കും നൽകിയ സംഭാവനകൾ വരും തലമുറയിലെ കലാകാരന്മാർക്ക് ഉപകരിക്കുന്നതിനും സ്മാരകം നിർമ്മിക്കുന്നതിനായി തിലകൻ സ്മാരക വേദിയ്ക്ക് സാംസ്കാരിക വകുപ്പിന്റെ അംഗീകാരം നൽകും. സ്മാരക വേദി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകും.”