മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ ബിഎസ്‌പി സ്ഥാനാർഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ക്രൈംബ്രാഞ്ച് അന്വഷണവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. മഞ്ചശ്വരത്ത് ബിജെപിയുടെ സ്ഥാനാർഥിയായിരുന്ന സുരേന്ദ്രനുവേണ്ടി പണം നൽകിയും ഭീഷണിപ്പെടുത്തിയും ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരയെ പിന്മാറ്റിയെന്ന ആരോപണത്തിൽ കോഴ നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കോടതി നിർദേശപ്രകാരം കേസെടുത്തിട്ടുള്ളത്.
ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിൽ സുരേന്ദ്രൻ പറഞ്ഞതൊന്നും സത്യമല്ലെന്ന് അന്വേഷകസംഘത്തിന് വ്യക്തമായി. ചോദ്യംചെയ്യലിന് വരുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ല. ഫോൺ നശിപ്പിച്ചുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് സൈബർവിഭാഗം കണ്ടെത്തി. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ കെ സുന്ദരയെക്കൊണ്ട് ഒപ്പിടുവിച്ചത് കാസർകോട് താളിപ്പടുപ്പിലെ ഹോട്ടലിൽവച്ചാണ്. അന്നേ ദിവസം സുരേന്ദ്രൻ ഇവിടെയുണ്ടായിരുന്നതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.