ഇന്ത്യക്ക് നൽകാൻ തയ്യാറാകാത്ത ആണവോർജ്ജ മുങ്ങിക്കപ്പലുകൾ ആസ്ട്രേലിയക്ക് നൽകാൻ തയ്യാറായി അമേരിക്ക. ഏഷ്യ-പസഫിക് മേഖലയിലെ ചൈനീസ് ഭീഷണി നേരിടുക എന്ന ഉദ്ദേശത്തോടെയാണ് ആണവോർജ്ജ മുങ്ങിക്കപ്പലുകൾ ബ്രിട്ടനുമായി സഹകരിച്ച് ആസ്ട്രേലിയക്ക് നൽകാൻ അമേരിക്ക തയ്യാറായിരിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ വളർന്നു വരുന്ന ചൈനീസ് ഭീഷണിയെ പ്രതിരോധിക്കാനെന്ന ലക്ഷ്യത്തോടെ അമേരിക്ക മുൻകയ്യെടുത്ത് രൂപീകരിച്ച ക്വാഡ് രാഷ്ട്ര സഖ്യത്തിൽ ഓസ്ട്രേലിയക്കൊപ്പം ഇന്ത്യയും ഉണ്ടെന്നിരിക്കെയാണ് അമേരിക്കയുടെ ഈ വിവേചനപരമായ തീരുമാനം.
നിലവിൽ ഇന്ത്യക്ക് ആണവായുധം ഉപയോഗിക്കാൻ കഴിയുന്ന മുങ്ങിക്കപ്പൽ ഉണ്ടെങ്കിലും ആണവോർജ്ജം ഇന്ധനമായി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലുകൾ ഇല്ല. റഷ്യയുമായുള്ള കരാർ പ്രകാരം ലഭിക്കാനുള്ളത് താൽക്കാലിക അടിസ്ഥാനത്താലുള്ളതാണ്. ഇന്ത്യ സ്വന്തം നിലയ്ക്ക് നിർമിക്കാൻ പരീക്ഷണങ്ങൾ ആരംഭിച്ചെങ്കിലും 2032 എങ്കിലും കഴിഞ്ഞേ അത് പ്രവർത്തിപഥത്തിൽ എത്തിക്കാൻ കഴിയൂ എന്നാണ് നാവിക രംഗത്തെ വിദഗ്ധർ പറയുന്നത്. കേന്ദ്ര ക്യാബിനറ്റിൻ്റെ സുരക്ഷാ കാര്യ സമിതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഇതിനുള്ള പ്രാഥമികമായ നടപടിക്രമങ്ങൾക്കെങ്കിലും തുടക്കമിടാനാകൂ. മാത്രമല്ല വിദേശ സഹായവും ഇതിനാവശ്യമായി വന്നേക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്ന് വാങ്ങലേ സമീപ ഭാവിയിലെ ചൈനീസ് ഭീഷണിയെ പ്രതിരോധിക്കലിന് നടക്കൂ. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങളായ ചൈന, റഷ്യ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ അഞ്ചു രാജ്യങ്ങൾക്കാണ് ലേകത്ത് ഈ സാങ്കേതിക വിദ്യ നിലവിൽ ഉള്ളൂ. ഡീസലും വൈദ്യുതിയും ഇന്ധനമായി ഉപയോഗിക്കുന്ന സാധാ മുങ്ങിക്കപ്പലുകളേക്കാൾ വേഗതയിലും ആയുധ പ്രയോഗ ശേഷിയിലും ബഹുദൂരം മുന്നിട്ടു നിൽക്കുന്ന അണവോർജ്ജ മുങ്ങിക്കപ്പലുകൾക്ക് ഏറെനാൾ കടലിനടിയിൽ കഴിയാൻ പറ്റുമെന്ന പ്രത്യേകതകൂടിയുണ്ട്.
ചൈനീസ് ഭീഷണി ഏറ്റവുംകൂടുതൽ ഇന്ത്യക്കാണെന്നിരിക്കെയാണ് അമേരിക്കയുടെ വിവേചനപരമായ നടപടി. ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ ചരിത്രവും അമേരിക്കക്കുണ്ട്. അതിനാൽ അമേരിക്കയുമായി അടുത്തിടെ ഇടഞ്ഞു നിൽക്കുന്ന ഫ്രാൻസിനെ ആണവോർജ്ജ മുങ്ങിക്കപ്പലുകൾക്കായി ഇന്ത്യക്ക് സമീപിക്കാൻ അനുയോജ്യമായ സമയമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.