കേരളത്തിൻ്റെ പശ്ചിമഘട്ടത്തിൽ മാവോയിസ്റ്റ് കമ്യൂണിസ്റ്റു പാർട്ടിയെ നയിക്കുന്നത് സി പി മൊയ്തീനെന്ന് റിപ്പോർട്ട്

പശ്ചിമ ഘട്ടത്തിൻ്റെ ഭാഗമായ കേരളത്തിൻ്റെ മലയോര മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിനെ നയിക്കുന്നതിൽ പ്രധാനികളിലൊരാൾ മലപ്പുറം പാണ്ടിക്കാട് സ്വദേശി സി പി മൊയ്തീനെന്ന് റിപ്പോർട്ട്. എടിഎസ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ മുതിർന്ന നേതാക്കളിലൊരാളാണ് മൊയ്തീനെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  നേരത്തെ  ഭവാനി ദളത്തിലായിരുന്നു മൊയ്തീന് പാർട്ടി ചുമതല നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ബാണാസുര ദളത്തിലാണ് ചുമതല നൽകപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ മൂന്നു തവണ മൊയ്തീനടങ്ങുന്ന സംഘം കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശത്ത് രാഷ്ട്രീയ പ്രചരത്തിനായി എത്തിയതായാണ് റിപ്പോർട്ട്.

നേരത്തെ വയനാട്ടിൽവച്ച് പൊലീസ്  വെടിവെച്ചു കൊലപ്പെടുത്തിയ സി പി ജലീലിൻ്റെ ജ്യേഷ്ടനാണ് സി പി മൊയ്തീൻ.  ഒരപകടത്തിൽ പരിക്കേറ്റ് ഒരു കൈയ്ക്ക് സ്വാധീനം നഷ്ടപ്പെട്ടതായാണ് വിവരമെങ്കിലും കോഴിoക്കാട്, കണ്ണൂർ, വയനാട് ജില്ലകളുടെ മലയോര മേഖലകളിൽ 2017 മുതൽ 45 കാരനായ മൊയ്തീൻ സജീവമായുണ്ട്.  ശാരീരിക പരിമിതിയുണ്ടെങ്കിലും പാർട്ടിയുടെ പ്രത്യയശാസ്ത്ര മുഖമാണ് മൊയ്തീനെന്നും റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് ചക്കിട്ടപ്പാറ പഞ്ചായത്തിലെ  ഇരുമ്പയിര് ഖനന പദ്ധതിക്കെതിരായ രാഷ്ട്രീയ പ്രചരണവുമായി ഈ മാസം ഏഴിന് എത്തിയത് മൊയ്തീൻ്റെ സംഘമാണെന്നും എടിഎസ് വൃത്തങ്ങൾ പറഞ്ഞതായും  റിപ്പോർട്ടിൽ വ്യക്തമാക്കുന്നു  പശ്ചിമഘട്ട മലയോര മേഖലയിൽ  ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും പരിസ്ഥിതിയെ തകർക്കുന്നതുമായ പദ്ധതിയെ ഏതുവിധേനയും പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ലഘുലേഖ സായുധരായെത്തിയ സംഘം വിതരണം ചെയ്തതായാണ് റിപ്പോർട്ട്.

Share This News

0Shares
0