അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നഗരമായ ജലാലാബാദിൽ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്. ചെയ്തു. അഫ്ഗാനിലെ ടോളൊ ന്യൂസും ഇത് സ്ഥിരീകരിച്ചു.
അഞ്ച് സ്ഫോടനങ്ങളിലായാണ് മരണങ്ങൾ സംഭവിച്ചതെന്ന് ആശുപത്രികളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും വിവരം ലഭിച്ചതായി റോയിട്ടേഴ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ താലിബാൻ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സ്ഫോടനം താലിബാന്റെ വാഹനങ്ങളെ ലക്ഷ്യംവെച്ചുള്ളതായിരുന്നു. എന്നാൽ താലിബാനിൽ നിന്നും ഇത് സംബന്ധിച്ച പ്രതികരണം ഉണ്ടായിട്ടില്ല.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ കാബൂൾ പിടിച്ചെടുത്തതോടെ സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) തീവ്രവാദ സംഘടനയുടെ ശക്തികേന്ദ്രമായ നാംഗർഹാർ പ്രവിശ്യയുടെ തലസ്ഥാനമാണ് ജലാലാബാദ്. നേരത്തെ അമേരിക്കൻ സേനയുടെ പിൻമാറ്റ സമയത്ത് കാബൂൾ എയർപോർട്ടിൽ ഐസിസ് നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികരടക്കം 188 പേർ കൊല്ലപ്പെട്ടിരുന്നു.