കോഴിക്കോട് ജില്ലയുടെ പശ്ചിമഘട്ട മലയോരമായ ചക്കിട്ടപ്പാറയിൽ ബെല്ലാരി റെസ്സിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നൽകുന്ന വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും തമ്മിൽ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും പശ്ചിമഘട്ടത്തിൻ്റെ പരിസ്ഥിതിയെ തകർക്കുന്നതുമായ ഖനന പദ്ധതിയെ എന്തു വില കൊടുത്തും ചെറുത്തു തോൽപ്പിക്കണമെന്ന അഹ്വാനവുമായി ദിവസങ്ങൾക്ക് മുമ്പ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ പ്രവർത്തകർ സായുധരായി ചക്കിട്ടപ്പാറയ്ക്ക് സമീപം മുതുകാട് എസ്റ്റേറ്റിലെത്തി ലഘുലേഖ പ്രചരണം നടത്തിയിരുന്നു. പാർട്ടിയുടെ ബാണാസുര എരിയാ കമ്മിറ്റിയാണ് രാഷ്ട്രീയ പ്രചരണത്തിനെത്തിയത്. ഇതേത്തുടർന്ന് കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ ചക്കിട്ടപ്പാറ ഉൾപ്പെടുന്ന പേരാമ്പ്ര ഏരിയാ കമ്മിറ്റി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ പ്രവർത്തകർ ദേശദ്രോഹികൾ ആണെന്നാരോപിച്ച് കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഏളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക നീക്കങ്ങൾ ഉണ്ടായത്. അന്നു തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.