സാമുദായ സംഘടനകളോ, സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ മുൻനിർത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണ പരിധിയിൽ വരണമെന്ന് വി ഡി സതീശൻ

സാമുദായ സംഘടനകളോ, സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ മുൻനിർത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണ പരിധിയിൽ വരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
കത്തിൻ്റെ പൂർണ രൂപം ഇങ്ങനെ:

“ബഹുമാനപ്പെട്ട മുഖ്യമന്ത്രി,അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യർഥനയോടെ ഒരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്. കേരളത്തിൻ്റെ മതസൗഹാർദവും സാമൂഹിക ഇഴയടുപ്പവും തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണ്‌. വലിയ രീതിയിൽ ചേരിതിരിവ് ,സ്പർധ ,അവിശ്വാസം ഇവ വിവിധ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നത്.

സാമൂഹിക മാധ്യമ പ്ളാറ്റ്ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാട്ട്സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംങ് ആപ്പുകൾ തുടങ്ങി ഫേസ് ബുക്കും യുട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന ഇവരിൽ പലരും ഫേക്ക് ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മത മൈത്രി തകർക്കാൻ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പർധ വളർത്തുന്നവരെ കണ്ടെത്തി ,കർശന ശിക്ഷ ഉറപ്പാക്കാൻ സൈബർ പൊലീസിന് നിർദേശം നൽകണം.

കൂടാതെ സാമുദായ സംഘടനകളോ , സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങൾ മുൻനിർത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും അന്വേഷണ പരിധിയിൽ വരണം. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങൾക്കും പിന്തുണയും അറിയിക്കുന്നു.”

Share This News

0Shares
0