കോഴിക്കോട് ചക്കിട്ടപ്പാറയിലെ പെരുവണ്ണാമൂഴി മുതുകാട് പേരാമ്പ്ര റബർ എസ്റ്റേറ്റിൽ ആയുധധാരികളായ മാവോയിസ്റ്റ് കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകരെത്തിയതായി റിപ്പോർട്ട്. മൂന്നു സത്രീകളും രണ്ടു പുരുഷൻമാരും അടങ്ങുന്ന അഞ്ചംഗ സംഘമാണ് എത്തിയത്. തൊഴിലാളികളെ പീഡിപ്പിക്കരുതെന്നും ചൂഷണം ചെയ്യരുതെന്നും, റബർ റീ പ്ലാൻ്റേഷൻ്റെ മറവിൽ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കാനുള്ള നീക്കത്തെ തിരിച്ചറിഞ്ഞ് തടയണമെന്നും ആവശ്യപ്പെട്ടാണ് സംഘമെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം. പ്ലാൻ്റേഷൻ കൊർപ്പറേഷൻ്റെ കീഴിലുള്ള എസ്റ്റേറ്റിൻ്റെ ക്വാർട്ടേഴ്സിലെ മാനേജരുടെ ഓഫീസിലാണ് സംഘമെത്തിയത്. തങ്ങളുടെ ആവശ്യങ്ങളടങ്ങിയ ലഘുലേഖകൾ മാനേജർക്ക് കൈമാറുകയും ക്വാർട്ടേഴ്സിൻ്റെ കെട്ടിടത്തിൽ പോസ്റ്റർ പതിക്കുകയും ചെയ്തു. ഭക്ഷണവും കഴിച്ചശേഷമാണ് സംഘം മടങ്ങിയത്. ഒരുമാസം മുമ്പും ഈ പ്രദേശത്ത് മാവോയിസ്റ്റ് കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകർ എത്തിയതായി റിപ്പോർട്ടുണ്ട്.