കേരളത്തിൽ ആറുമാസത്തിനിടെ പ്രതിദിന കോവിഡ് മരണനിരക്കിൽ ഒമ്പത് മടങ്ങിലേറെ വർധനവെന്ന് കണക്കുകൾ. സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടുള്ള പ്രതിദിന കോവിഡ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കിലാണ് ഈ വർധനവ് കാണിക്കുന്നത്. മാർച്ച് ഒന്നു മുതൽ 31 വരെയുള്ള കണക്കുപ്രകാരം 13.67 ആണ് ശരാശരി പ്രതിദിനമരണ റിപ്പോർട്ടിങ്. ഏപ്രിൽ ഒന്നു മുതൽ 30 വരെ ഇത് 20.03 ആണ്. മെയ് ഒന്നു മുതൽ 31 വരെ 113.12 ആയി കുത്തനെ ഉയർന്നു. ജൂൺ ഒന്നു മുതൽ 30 വരെ 144.33 ആയി. ജൂലൈ ഒന്നു മുതൽ 31 വരെ 114.38 ആയി താഴ്ന്നു. അഗസ്തിൽ ഇതുവരെയുള്ള കണക്കു പ്രകാരം 127.64 ആണ്. ജാഗ്രത കൈവിടരുതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത നാലാഴ്ച സംസ്ഥാനം അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയത്.