ഒരു രാജ്യത്തിൻ്റെ ആഭ്യന്തര നയങ്ങൾ അതിൻ്റെ വിദേശ നയത്തെയും നിർണയിക്കുന്നുവെന്ന് മാർക്സ്. കമ്യൂണിസ്റ്റ് രാഷ്ട്രമെന്ന് അവകാശപ്പെടുന്ന ചൈന അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ അംഗീകരിച്ചതിൻ്റെ പശ്ചാത്തലത്തിൽ മാർക്സിൻ്റെ വാക്കുകൾ കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്. അതിനാൽ
ഇതുസംബന്ധിച്ച് സോവിയറ്റ് യൂണിയൻ നിലനിന്ന കാലത്ത് ബ്രിട്ടനിലെ മാർക്സിയൻ പ്രസിദ്ധീകരണമായ സോഷ്യലിസ്റ്റ് റിവ്യൂവിൽ വന്ന ഒരു ലേഖനത്തിൻ്റെ പരിഭാഷ വായനക്കാർക്കായി മാസ് ലൈൻ പങ്കുവെയ്ക്കുന്നു
*ചെക്കോസ്ലോവാക്യയിലെ സോവിയറ്റ് ആക്രമണവും ചൈന-സോവിയറ്റ് വിഭാഗീയതയും*
………………………….
1968 ഓഗസ്റ്റിൽ ചെക്കോസ്ലോവാക്യക്കു നേരെ അതിൻ്റെ സഹോദരീ രാഷ്ട്രങ്ങളായ, സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സ്റ്റാലിനിസ്റ്റ് ഏകകക്ഷി ഉദ്യോഗസ്ഥഭരണകൂടങ്ങൾ നടത്തിയ അധിനിവേശം അന്തർദേശീയ തൊഴിലാളി പ്രസ്ഥാനത്തിൽ പിളർപ്പുകളും തീവ്രമായ ചർച്ചകളും സൃഷ്ടിച്ചു.
അധികാരവും പദവികളും സംരക്ഷിക്കുന്നതിനായി ‘മാർക്സിസം’, ‘ലെനിനിസം’ എന്ന ലേബലുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ചൈനയിലെ സ്റ്റാലിനിസ്റ്റ് ഉദ്യോഗസ്ഥഭരണകൂടം, സോവിയറ്റ് യൂണിയനിലെ സമാനമായ സ്റ്റാലിനിസ്റ്റ് ഉaദ്യാഗസ്ഥഭരണകൂടത്തിനെതിരെ പ്രചരണത്തിന് മൂർച്ച കൂട്ടാൻ ചെക്കോസ്ലാവിയായിലെ ഈ സോവിയറ്റ് അധിനിവേശത്തെ ഉപയോഗപ്പെടുത്തി.
സാംസ്കാരിക വിപ്ലവത്തിന്റെ നടുവിലായിരുന്ന ചൈനയിൽ, 1968 ആയപ്പോഴേക്കും മാവോ, സൈന്യത്തെ ഉപയോഗിച്ച് “അരാജകത്വം” അടിച്ചമർത്താനും, പല ഭാഗങ്ങളിലായി തൊഴിലാളികളെയും വിദ്യാർത്ഥികളെയും നിരായുധീകരിക്കാനും തുടങ്ങിയിരുന്നു. ചെക്കോസ്ലോവാക്യയിലെ അന്താരാഷ്ട്ര പ്രതിസന്ധി ചൈനീസ് ഭരണകൂടത്തിന് തങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഒരു വഴിതിരിച്ചുവിടലിന് അവസരം നൽകി; സോവിയറ്റ് ബ്യൂറോക്രസിയുടെ ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്യാനും സോവിയറ്റ് ആക്രമണത്തെ എതിർക്കുന്നതിലൂടെ പ്രചാരണ പോയിന്റുകൾ നേടാനുമുള്ള അവസരം.
ഇത് തികച്ചും കാപട്യമായിരുന്നു. 1956-ൽ, “മുതലാളിത്ത വിരുദ്ധ വിപ്ലവത്തെ തകർക്കാൻ” സോവിയറ്റ് സ്റ്റാലിനിസ്റ്റുകൾ ഹംഗറിയിൽ നടത്തിയ ആക്രമണത്തെ മാവോയുടെ ഭരണകൂടം പൂർണമായി പിന്തുണച്ചിരുന്നു. വാസ്തവത്തിൽ, ഹംഗറിയിലെ ബഹുജനപ്രസ്ഥാനം മുതലാളിത്ത അനുകൂല പ്രസ്ഥാനമായിരുന്നില്ല; ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരായ തൊഴിലാളി പ്രക്ഷോഭമായിരുന്നു.
1968 ഓഗസ്റ്റ് 20 -ന് ആരംഭിച്ച ചെക്കോസ്ലോവാക്യയിലെ ആക്രമണത്തെ ചൈനീസ് റേഡിയോ “ഭയാനകമായ കുറ്റകൃത്യം” എന്ന് അപലപിച്ചു. “സാമൂഹിക സാമ്രാജ്യത്വ” മോസ്കോ ഭരണകൂടം നടത്തുന്ന അധിനിവേശത്തിന്റെ “ക്രൂരമായ ഫാസിസ്റ്റ് സ്വഭാവത്തെ” ചൈനീസ് പ്രധാനമന്ത്രി ഷൗ എൻലായ് ശക്തമായി വിമർശിച്ചു. ലോകമെമ്പാടുമുള്ള നിരവധി സോഷ്യലിസ്റ്റുകളും ഇടതുപക്ഷ ചായ്വുള്ള യുവാക്കളും മോസ്കോയുടെ പ്രവർത്തനങ്ങളിൽ പ്രകോപിതരായി. അതേസമയം പാശ്ചാത്യ “ജനാധിപത്യ” ങ്ങളുടെ മുതലക്കണ്ണീരിലൂടെയും ഈ സംഭവത്തെ കണ്ടു. ഈ സമയം വിയറ്റ്നാമിലും ഇന്തോചൈനയിലും യുഎസ് സാമ്രാജ്യത്വം അതിന്റെ ക്രൂരമായ യുദ്ധം ശക്തിപ്പെടുത്തുകയായിരുന്നു.
കൂടുതൽ പുരോഗമനപരമായ “ആന്റി റിവിഷനിസ്റ്റ്” ഇടത് മാതൃക വാഗ്ദാനം ചെയ്യുന്നുവെന്ന് വിശ്വസിച്ച് വിദ്യാർത്ഥികളിൽ ഗണ്യമായ വിഭാഗം മാവോയിസത്തിലേക്ക് തിരിഞ്ഞു. ഇറ്റലി, ഫ്രാൻസ്, ജർമ്മനി, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് അംഗങ്ങളുമായി പുതിയ മാവോയിസ്റ്റ് പാർട്ടികളും ഗ്രൂപ്പുകളും മുളപൊട്ടാൻ തുടങ്ങി. മാവോയുടെ ലിറ്റിൽ റെഡ് ബുക്ക് 1970 കളുടെ തുടക്കത്തിൽ ലോകത്തിലെ ഏറ്റവും അച്ചടിച്ച പുസ്തകമായി മാറി.
*ചൈന-സോവിയറ്റ് സംഘർഷം*
ലോകത്തിലെ രണ്ട് വലിയ സ്റ്റാലിനിസ്റ്റ് ഭരണകൂടങ്ങളായ യുഎസ്എസ്ആറും ചൈനയും തമ്മിലുള്ള സംഘർഷം എതിരാളികളായ രണ്ട് ഉദ്യോഗസ്ഥ മേധാവിത്വ രാഷ്ട്രങ്ങളുടെ ദേശീയ താൽപ്പര്യങ്ങളിൽ നിന്നാണ് വളർന്നത്. അവരുടെ പ്രാഥമിക പരിഗണന “സോഷ്യലിസം” ആയിരുന്നില്ല, മറിച്ച് സ്വന്തം അധികാരവും പദവികളും സംരക്ഷിക്കുന്നതിനായിരുന്നു. ഈ രണ്ട് ഭരണകൂടങ്ങളും, മുതലാളിത്തം നിർത്തലാക്കുകയും ഭരണകൂട ആസൂത്രണം ആരംഭിക്കുകയും ചെയ്തിട്ടും, സമ്പദ്വ്യവസ്ഥയിലും രാഷ്ട്രത്തിലും, തൊഴിലാളികളുടെ ജനാധിപത്യ നിയന്ത്രണമുള്ള സോഷ്യലിസത്തിൽ നിന്ന് മൈലുകൾ അകലെയായിരുണെന്നതിന്റെ തെളിവായിരുന്നു ഇത്.
ദേശീയതയെ മുൻനിർത്തിയുള്ള പരസ്പര എതിർപ്പ് മറികടക്കാനുള്ള അവരുടെ കഴിവില്ലായ്മ അതിർത്തി കടന്നുള്ള സാമ്പത്തിക സംയോജനത്തെയും സ്കെയിൽ സമ്പദ്വ്യവസ്ഥയുടെ നേട്ടത്തെയും തടഞ്ഞു. ആസൂത്രിതമായ സമ്പദ്വ്യവസ്ഥയുടെ പല നേട്ടങ്ങളും റദ്ദാക്കി. ഇത് പിന്നീട് സ്റ്റാലിനിസത്തിന്റെ തകർച്ചയിലും മുതലാളിത്തത്തിന്റെ പുനസ്ഥാപനത്തിലും നിർണ്ണായക ഘടകമായി മാറി.
1960 കളിൽ മോസ്കോയും ബീജിങ്ങും തമ്മിലുള്ള ആഴത്തിലുള്ള പിളർപ്പ് കണ്ടു. ഇരുരാജ്യങ്ങളും തമ്മിൽ1969 ൽ പൊട്ടിപ്പുറപ്പെട്ട ചെറിയ തോതിലുള്ള അതിർത്തി യുദ്ധം പോലും 100 ലധികം മരണങ്ങൾക്ക് കാരണമായി.
ഈ പിരിമുറുക്കങ്ങൾ 1971-ൽ ചൈനീസ് ഭരണകൂടത്തിന്റെ ചരിത്രപരമായ നയതന്ത്ര ഫ്ലിപ്പ് ഫ്ലോപ്പിനുള്ള കളമൊരുക്കി, സോവിയറ്റ് യൂണിയനെതിരെ അമേരിക്കൻ സാമ്രാജ്യത്വവുമായി സഖ്യമുണ്ടാക്കി, അങ്ങനെ അമേരിക്കൻ സാമ്രാജ്യത്വത്തെ ശക്തിപ്പെടുത്തുകയും അതിനെതിരായ ആഗോള പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സനുമായി മാവോ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സോവിയറ്റ് സ്റ്റാലിനിസ്റ്റുകൾ അമേരിക്കയോട് മൃദുസമീപനം സ്വീകരിക്കുകയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയ ചൈനീസ് ഭരണകൂടം തങ്ങൾക്കും അതിൽ ഇടം വേണമെന്നാണ് ആഗ്രഹിച്ചത്. ഇത്തരം വ്യക്തമായ പൊരുത്തക്കേടുകളെക്കുറിച്ച് സ്റ്റാലിനിസം ഒരിക്കലും ആശങ്കപ്പെട്ടിരുന്നില്ല. സ്റ്റാലിനെയും അദ്ദേഹത്തിന്റെ പിൻഗാമികളെയും പോലെ മാവോയുടെ ഭരണകൂടവും ഒരു നിലപാടിൽ നിന്ന് മറ്റൊന്നിലേക്ക് യാതൊരു വിശദീകരണവുമില്ലാതെ തികച്ചും വിപരീതമായി പോലും ചാടിക്കളിക്കും.
സ്റ്റാലിനിസ്റ്റ് പാർട്ടികളിലും ഭരണകൂടങ്ങളിലും ജനാധിപത്യപരമായ ചർച്ചകൾ ഉണ്ടായിരുന്നില്ല . “സർവ്വജ്ഞാനിയായ” നേതൃത്വം സ്വന്തം ശക്തിയും അന്തസ്സും സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കി എല്ലാ ചോദ്യങ്ങളും തീരുമാനിക്കും.
മാവോയുടെ ഭരണകൂടം 1968 -ൽ ചെക്കോസ്ലോവാക് നേതാവ് അലക്സാണ്ടർ ഡൂബ്ചെക്കിന്റെ രാഷ്ട്രീയ പരിഷ്കാരങ്ങളെ എതിർക്കുകയും അവിശ്വസിക്കുകയും ചെയ്തു. ഇത്തരം പരിഷ്കാരങ്ങൾ അന്തർദേശീയമായി സ്റ്റാലിനിസ്റ്റ് രീതിയിലുള്ള ഭരണകൂടങ്ങളെ ദുർബലപ്പെടുത്തുമെന്നും ചൈനയിൽ അതിൻ്റെ ഒരു പ്രതിധ്വനി ഉണ്ടായേക്കാമെന്നും ചൈനീസ് ബ്യൂറോക്രസി ഭയപ്പെട്ടു.
സോവിയറ്റ് അനുകൂല രാഷ്ട്രങ്ങളുടെ ക്യാമ്പിലെ “ജീർണ്ണത” യുടെയും “റിവിഷനിസത്തിന്റെയും” ഉദാഹരണമായി അലക്സാണ്ടർ ഡൂബ്ചെക്കിനെ മുമ്പ് മാറ്റിനിർത്തിയിരുന്ന ചൈന, ചെക്കോസ്ലാവിയയിലെ സോവിയറ്റ് അധിനിവേശത്തിന് ശേഷം അദ്ഭുതപ്പെടുത്തുന്ന രീതിയിൽ ലൈൻ മാറ്റിപ്പിടിച്ചു.
*ദേശീയത*
സോവിയറ്റ് അധിനിവേശത്തെ വിമർശിച്ച ചൈന, ചെറുത്തുനിന്നില്ലെന്നാരോപിച്ച് വിശ്വാസവഞ്ചകനെന്ന് അലക്സാണ്ടർ ഡൂബ്ചെക്കിനെയും വിമർശിച്ചു. ചൈനീസ് വാദങ്ങൾ തികച്ചും ദേശീയതയിൽ ഊന്നിയായിരുന്നു. ഡൂബ്ചെക് തന്റെ “രാജ്യ താൽപ്പര്യങ്ങൾ” വഞ്ചിച്ചു. എന്നാണ് ചൈന അപലപിച്ചത്. പ്രശ്നം “ദേശീയ പരമാധികാരം” ആയിരുന്നു; തൊഴിലാളികളുടെ ജനാധിപത്യപരവും രാഷ്ട്രീയവുമായ അവകാശങ്ങളോ, യഥാർത്ഥ സോഷ്യലിസത്തിനായി എങ്ങനെ പോരാടണമെന്നോ എന്നത് അല്ലായിരുന്നു. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം, 1979 ഫെബ്രുവരിയിൽ, ഡെങ് സിയാവോപ്പിങ്ങിന്റെ കീഴിലുള്ള ചൈന, “ദേശീയ പരമാധികാര” ത്തിൽ വലിയ ആശങ്കയില്ലാതെ മറ്റൊരു “സോഷ്യലിസ്റ്റ്” രാജ്യമായ വിയറ്റ്നാമിനെ ആക്രമിച്ചു എന്നത് പിൽക്കാല ചരിത്രം.
ചെക്കോസ്ലോവാക്യയിലെ ജനങ്ങൾ സോവിയറ്റ് സാമ്രാജ്യത്വത്തിനെതിരെ ഒരു “ദേശീയ പ്രതിരോധ പ്രസ്ഥാനത്തിന്” തയ്യാറാകണമെന്നായിരുന്നു ചെക്കോസ്ലോവിയയിലെ സോവിയറ്റ് അധിനിവേശ കാലത്ത് ചൈനീസ് ഉദ്യോഗസ്ഥഭരണകൂടം ആഹ്വാനം ചെയ്തത്. ഇത് യാതൊരു പ്രായോഗിക തന്ത്രവുമില്ലാത്ത ശൂന്യമായ മുദ്രാവാക്യമായിരുന്നു. ചെക്കോസ്ലോവാക്യ പോലെ വൻതോതിൽ വ്യവസായവൽക്കരിക്കപ്പെട്ടതും നഗരവൽക്കരിക്കപ്പെട്ടതുമായ സമൂഹത്തിൽ- ഗ്രാമീണ ഗറില്ലാ യുദ്ധത്തിന്റെ ഭ്രാന്തൻ ആശയമാണ് ചൈനീസ് ഭരണകൂടം മുന്നോട്ടുവെച്ചത്; ചെക്കോസ്ലോവാക്യയിലെയും വിശാലമായ മേഖലയിലെയും തൊഴിലാളികളുടെ താൽപ്പര്യങ്ങളെക്കുറിച്ച് പരാമർശിക്കുകയും ചെയ്തില്ല.
സ്റ്റാലിനിസത്തെയും മുതലാളിത്തത്തെയും പരാജയപ്പെടുത്താൻ കഴിയുന്നത്, ജനാധിപത്യമായി സംഘടിക്കപ്പെട്ട തൊഴിലാളികളുടെ നിയന്ത്രണത്തിലുള്ള ഭരണത്തിലൂടെയും മുതലാളിത്തത്തിനെതിരായ അന്താരാഷ്ട്ര പോരാട്ടത്തിലൂടെയും മാത്രമാണ്. സ്റ്റാലിനിസ്റ്റ് രാഷ്ട്രങ്ങളിലെ ബ്യൂറോക്രാറ്റുകളുടെ, ഉത്തരവാദിത്തമില്ലാത്ത ഭരണത്തെ തള്ളിക്കളയുകയും പകരം തിരഞ്ഞെടുക്കപ്പെട്ട തൊഴിലാളി കൗൺസിലുകളിലൂടെ ഭരിക്കുകയും വേണം. എന്നാൽ ചൈനീസ് ഭരണകൂടം ഇതേക്കുറിച്ച് നിശബ്ദത പാലിക്കുകയായിരുന്നു.