പാണക്കാട് തങ്ങളുടെ കത്ത് പുറത്തുവിട്ട് കെ ടി ജലീൽ; തങ്ങൾ കുടുംബത്തിന് സർക്കാർ സുരക്ഷയൊരുക്കേണ്ട അവസ്ഥയെന്നും ജലീൽ

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചതായി വ്യക്തമാക്കുന്ന കത്ത് പുറത്തുവിട്ട് ഡോ.കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക് പോസ്റ്റിനൊപ്പമാണ് കത്ത് പുറത്തുവിട്ടത്. പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ:

“പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈനലിയെ ഏൽപിച്ചതായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൻ്റെ കോപ്പിയാണ് ഇമേജായി നൽകിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ലീഗാഫീസിൽ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വലിഞ്ഞുകയറി ചെന്നതല്ല സയ്യിദ് മുഈനലി തങ്ങൾ എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇത്. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങൾക്ക് നൽകിയ വാർത്താകുറിപ്പിൽ പറഞ്ഞത് ആരും ഉത്തരവാദിത്തം ഏൽപിക്കാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്നാണ്.

മുഈനലി തങ്ങളെ കേട്ടാൽ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഇതുവരെ ഒരക്ഷരം ഉരിയാടിയതായി കണ്ടില്ല. ഈ സാഹചര്യത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സമാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകൻ മുഈനലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണം.”

Share This News

0Shares
0