ദളിതർ കൂടുതലുള്ളതിനാലാണ് ഇന്ത്യ തോറ്റതെന്ന്; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ മിന്നുംതാരമായ വന്ദനനയുടെ കുടുംബത്തിനുനേരെ ജാതിയധിക്ഷേപം

ടോക്യോ ഒളിമ്പിക്സ് വനിത ഹോക്കിയിൽ ഇന്ത്യയുടെ മിന്നും താരമായി മാറിയ വന്ദന കത്താരിയുടെ കുടുംബത്തിന് നേരെ ജാതി അധിക്ഷേപം. ചരിത്രത്തിലാദ്യമായി സെമിഫൈനൽ വരെയെത്തിയശേഷം അര്‍ജന്‍റീനയോട് പൊരുതി തോറ്റതിന് പിന്നാലെയാണ് നാട്ടിൽ താരത്തിന്‍റെ കുടുംബത്തിനുനേരെ ജാതി അധിക്ഷേപം നടന്നത്. ഹരിദ്വാറിന് സമീപം റോഷന്‍ബാദ് ഗ്രാമത്തില്‍ നിന്നുള്ള ഇന്ത്യന്‍ ടീം അംഗം വന്ദന കത്താരിയയുടെ ബന്ധുക്കള്‍ക്ക് നേരെയാണ് ജാതി അധിക്ഷേപം ഉണ്ടായത്. സെമിയിൽ പരാജയപ്പെട്ടതിന് പിന്നാലെ രണ്ട് ഉയര്‍ന്ന ജാതിക്കാര്‍ വന്ദനയുടെ വീടിനടുത്തെത്തി പടക്കം പൊട്ടിക്കുകയും, ആക്ഷേപകരമായ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.

ദളിത് വിഭാഗത്തിൽ നിന്നുള്ള കളിക്കാര്‍ കൂടുതലായതിനാൽ ആണ് ഇന്ത്യ തോറ്റതെന്ന് ഇവര്‍ പരിഹസിച്ചതായി വീട്ടുകാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.  നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഇന്ത്യ നേടിയ നാല് ഗോളിൽ മൂന്നും വന്ദനയായിരുന്നു നേടിയത്. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഹോക്കിയിൽ ഒരു ഇന്ത്യൻ വനിത ഹാട്രിക് നേടിയത്.
ജാതി  അധിക്ഷേപംപ നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താൻ പോലീസ്  തയ്യാറായിട്ടില്ല.  മത്സരം തോറ്റതില്‍ സങ്കടമുണ്ട്, എന്നാല്‍ പൊരുതിയാണ് തോറ്റത്. അതിനാല്‍ തന്നെ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് വന്ദനയുടെ സഹോദരന്‍ ശേഖര്‍ പറയുന്നു.

മത്സരം പരാജയപ്പെട്ട സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. വീട്ടിന് വെളിയില്‍ വലിയതോതില്‍ പടക്കം പൊട്ടിക്കുന്നു. ഗ്രാമത്തില്‍ തന്നെയുള്ള ഉയര്‍ന്ന ജാതിയിലെ രണ്ടുപേരായിരുന്നു അത് ചെയ്തത്. അവര്‍ ഡാന്‍സ് കളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെ ചെറുക്കാന്‍ വന്ദനയുടെ കുടുംബങ്ങള്‍ ശ്രമിച്ചതോടെ അവര്‍ കൂടുതല്‍ പ്രകോപിതരായി ജാതി അധിക്ഷേപം നടത്തി. ദളിതര്‍ടീമില്‍ കയറിയതിനാലാണ് തോറ്റത് എന്നും, ഹോക്കിയില്‍ മാത്രമല്ല ഒരു കായിക ഇനത്തിലും ദളിതര്‍ക്ക് ജയിക്കാനാകില്ലെന്നും ഇവര്‍ ആരോപിച്ചു. ഇത് തീര്‍ത്തും ജാതിയമായ ആക്രമണമാണെന്നും   ശേഖര്‍ പറഞ്ഞു.

Share This News

0Shares
0